Share this Article
എല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും നടക്കുന്നു, താൻ ഒളിച്ചോടിയിട്ടില്ല, താൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല, അമ്മ ട്രേഡ് യൂണിയനല്ലെന്നും മോഹൻലാൽ
വെബ് ടീം
posted on 31-08-2024
1 min read
actor mohanlal

തിരുവനന്തപുരം: താന്‍ എവിടെയും ഒളിച്ചോടിപ്പോയതല്ലെന്ന് നടന്‍ മോഹന്‍ലാല്‍. താൻ കുറച്ചു കാലമായി കേരളത്തിന് പുറത്തായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ ആയിരുന്നു. സിനിമ സമൂഹത്തിന്റെ ഒരുഭാഗം മാത്രമാണ്. മറ്റ് എല്ലായിടത്തും ഉണ്ടാകുന്നതുപോലെ സിനിമയിലും ഉണ്ടായിട്ടുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മീഷന് മുന്‍പാകെ രണ്ട് തവണ മൊഴി നല്‍കിയിരുന്നു. തനിക്ക് അറിയാവുന്ന കാര്യം അവിടെ പറഞ്ഞിരുന്നതായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ എന്നത് ഒരു ട്രേഡ് യൂണിയന്‍ സംഘടനയല്ല. അഭിനേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങായി നില്‍ക്കാനാണ് സംഘടന ഉണ്ടാക്കിയത്. എന്തിനും ഏതിനും അമ്മയെ കുറപ്പെടുത്തുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും സംഘടനാ ഭാരവാഹികളിലേക്കുമാണ്. മുതിര്‍ന്ന താരങ്ങളുമായി ആലോചിച്ചാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.. കേരളാ ക്രിക്കറ്റിന്റെ ലോഞ്ചിങ്ങ് ചടങ്ങിനെത്തിയപ്പോഴായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. എനിക്ക് ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറിയത്.

തങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഇത് ഒരു വലിയ വ്യവസായം തകര്‍ന്നുപോകുന്ന കാര്യമാണ്. പതിനായിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്നതാണ്. തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മദ്രാസില്‍ വച്ചാണ്. അന്നൊന്നും ഒരുതരത്തിലുമുളള സൗകര്യവുമില്ല. വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. കുറ്റം ചെയ്‌തെന്ന് പറയുന്നവര്‍ക്ക് പിന്നാലെ പൊലീസുണ്ട്. അതില്‍ ആധികാരികമായി ഉത്തരം പറയേണ്ടത് താനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കേരളത്തിലും പുറത്തും വലിയ ചർച്ചയായ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും നടന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മോഹന്‍ലാല്‍ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സഹതാരങ്ങള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവയ്ക്കുകയും ഭരണസമതി പിരിച്ചുവിടുകയും ചെയ്തിരുന്നു. മമ്മൂട്ട ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങളോട് സംസാരിച്ച ശേഷമായിരുന്നു രാജി തീരുമാനം.

ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിങ് മോഹന്‍ലാല്‍ നിര്‍വഹിച്ചു. കെസിഎല്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി മന്ത്രി വി അബ്ദുറഹിമാന്‍ പ്രകാശിപ്പിച്ചു. ക്രിക്കറ്റ് ലീഗ് ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടത്തി. ആറു ടീമുകളുടെയും ഫ്രാഞ്ചൈസി ഉടമകള്‍ക്കുള്ള ഉപഹാരങ്ങള്‍ മോഹന്‍ലാല്‍ നല്‍കി. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അധ്യക്ഷനായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories