സംസ്ഥാന രാഷ്ട്രീയം ഉപതെരഞ്ഞെടുപ്പ് ചൂടിൽ വെന്തുരുകുമ്പോൾ കേരള രാഷ്ട്രീയത്തിൽ കുപ്രസിദ്ധമായ കോലീബി സഖ്യം വീണ്ടും ചർച്ചയാവുകയാണ്.1991 ലെ വടകര ബേപ്പൂര്‍ മോഡല്‍ കോലീബി സഖ്യമെന്ന പേരില്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ കുപ്രസിദ്ധമാണ്.എന്തായിരുന്നു കോലീബി സഖ്യം?.ചരിത്രത്തിലേക്കൊരു തിരിഞ്ഞ് നോട്ടം.
എന്തായിരുന്നു കോലീബി സഖ്യം?
1991 ല്‍ ലോക്‌സഭയിലേക്കും കേരള നിയമ സഭയിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ്.തെരഞ്ഞടുപ്പില്‍ പരാജയം മണുത്ത യുഡിഎഫ നേതൃത്വം ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കുകയായിരുന്നു. ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും വടകര ലോക്‌സഭ മണ്ഡലത്തിലും ബിജെപി പൊതു സ്വതന്ത്രരെ സ്ഥാനാര്‍ഥിയാക്കും.ഇവിടെ കോണ്‍ഗ്രസും ലീഗും ബിജെപിയെ സഹായിക്കും.പകരം കേരളമാകെ ബിജെപി യുഡിഎഫിനെ സഹായിക്കും.
യുഡിഎപിനെ പിന്തുണക്കുന്നതിന് പ്രതിഫലമായി മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി നേതാവ് കെജി മാരാര്‍ക്കെതിരെ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും വോട്ട് മറിച്ച് നല്‍കി മാരാരെ വിജയിപ്പിക്കുകയും ചെയ്യുക ഇതായിരുന്നു ധാരണ. ധാരണ പ്രകാരം ബേപ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ കെ. മാധവൻ കുട്ടിയെ നിർത്താനും വടകരയിൽ അഡ്വ രത്നം സിംഗിനെ സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചു.
കെ കരുണാകരനും പാണക്കാട് ശിഹാബ് തങ്ങളും ബി. ജെ. പി നേതാക്കളുമടക്കം പ്രചരണത്തിനെത്തി. കെ. മാധവൻ കുട്ടിയെ കെ. എം. കുട്ടി എന്ന് അഭിസംബോധന ചെയ്താണ് ശിഹാബ് തങ്ങൾ പ്രസംഗിച്ചത് എന്നും ചരിത്രം.ടി. കെഹംസയായിരുന്നു ഇടത് മുന്നണി സ്ഥാനാർത്ഥി. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി. കെ. ഹംസ ജയിച്ചത്.
52 ശതമാനം വോട്ട് ഹംസക്ക് ലഭിച്ചപ്പോൾ 47 ശതമാനം വോട്ട് മാധവൻ കുട്ടിക്ക് ലഭിച്ചു. വടകരയിൽ പൊതുസ്ഥാനാർത്ഥിയായി മത്സരിച്ച രത്‌നം സിംഗും പരാജയപ്പെട്ടു. ഇടത് മുണണിക്ക് വേണ്ടി മത്സരിച്ച കോൺഗ്രസ് എസ് ലെ കെ പി. ഉണ്ണികൃഷ്ണനാണ് വടകരയിൽ വെന്നിക്കൊടി പാറിച്ചത്.
49 ശതമാനം വോട്ട് ഉണ്ണികൃഷ്ണൻ നേടിയപ്പോൾ 47 ശതമാനം വോട്ടാണ് രത്നം സിംഗിന് ലഭിച്ചത്. മഞ്ചേശ്വരത്തും സഖ്യം വിജയിച്ചില്ല. ആയിരത്തോളം വോട്ടുകൾക്കാണ് മാരാർ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.ധാരണയനുസരിച്ച് ബി.ജെ.പി പ്രവർത്തിച്ചെങ്കിലും തന്ത്രപൂർവം കോൺഗ്രസ് ചതിച്ചെന്നാണ് പിന്നീട് ഇതേ കുറിച്ച് അന്നത്തെ ബി.ജെ.പി നേതൃനിരയിലുണ്ടായിരുന്നവർ പറഞ്ഞത്.