ചൈനയിൽ കപ്പൽ യാത്രയ്ക്കിടെ കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല.കാസർഗോഡ് കള്ളാർ സ്വദേശിയായ ആൽബർട്ട് ആന്റണിയെയാണ് കഴിഞ്ഞ വ്യാഴാഴ്ച ചരക്ക് കപ്പലിൽ നിന്നും കാണാതായതായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
മാലക്കല്ല് അഞ്ചാലയിലെ റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കുഞ്ചറക്കാട്ട് കെ.എം.ആന്റണിയുടെയും പനത്തടി സർവീസ് സഹകരണബാങ്ക് മാനേജർ എം.വി.ബീനയുടെയും മകൻ ആൽബർട്ട് ആന്റണിയെയാണ് കാണാതായത്.സിനർജി മാരിടൈം ഗ്രൂപ്പിൻ്റെ എംവി ട്രൂ കോൺറാഡ് ചരക്ക് കപ്പലിലെ ട്രെയിനിംഗ് കാഡറ്റാണ് ആൽബർട്ട്.
ചൈനയിൽ നിന്നും ബ്രസീലിലേക്ക് ചരക്കെടുക്കാനായി പോവുകയായിരുന്ന കപ്പലിൽ വ്യാഴാഴ്ച രാവിലെ 11ഓടെ കൊളംബോയിൽ നിന്നും 300 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ആൽബർട്ടിനെ കാണാതാകുന്നത്. അന്നേദിവസം വൈകുന്നേരത്തോടെ ഇതേ കമ്പനിയിലെ കാസർഗോഡ് സ്വദേശിയായ ജീവനക്കാരനാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ വിവരമറിയിച്ചത്.
മകനെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങൾ ഒന്നും ലഭിക്കാത്തതിൽ കടുത്ത ആശങ്കയിലാണ് മാതാപിതാക്കൾ. മുഖ്യമന്ത്രിയും ബന്ധപ്പെട്ട അധികാരികളും ഇടപെടണമെന്നാണ് ആവശ്യം.
ആൽബർട്ടിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ട് . ഇ.ചന്ദ്രശേഖരൻ എംഎൽഎ മുഖേനകുടുംബം മുഖ്യമന്ത്രിക്ക് കത്തയച്ചു. ആൽബർട്ടിനെ കാണാതായ മേഖലയിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.