വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് പരോളിന് ശ്രമിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ സൂരജിന്റെ കള്ളം പൊളിഞ്ഞു. സംഭവത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിച്ചു വാരികയാണ്. 2021 ഒക്ടോബറിനാണ് കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സൂരജ് പരോളിന് അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകുന്നത്. ഡോക്ടർ സർട്ടിഫിക്കറ്റിൽ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തിയിരുന്നു.
സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകി. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടർന്ന്, വ്യാജ രേഖയാണെന്ന് വ്യക്തമായതോടെ സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസിൽ പരാതി നൽകി. ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതിൽ ഗുരുതര രോഗമെന്ന് എഴുതി ചേർത്തതെന്നാണ് കണ്ടെത്തി. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം.
സൂരജിന്റെ അമ്മയായിരുന്നു ജയിൽ സൂപ്രണ്ടിന് സർട്ടിഫക്കറ്റ് ഹാജരാക്കിയത്. സംഭവത്തിൽ സൂരജിനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്യും. ഒപ്പം സൂരജിനെ സഹായിച്ചവരെയും അന്വേഷിച്ച് കണ്ടെത്തും. പരോള്‍ സംഘടിപ്പിക്കാൻ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.