മഹാരാഷ്ട്രയിൽ ബി ജെ പിക്കൊപ്പം ചേർന്ന് അജിത് പവാർ നടത്തിയ വിമത നീക്കത്തിനെതിരെ കരുക്കൾ നീക്കി എൻ സി പിയിലെ ശരദ് പവാർ വിഭാഗം. കഴിഞ്ഞ ദിവസം ബിജെപി സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് പാർട്ടി നേതാക്കളെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് നിവേദനം നൽകി.
1999-ൽ എൻസിപി സ്ഥാപിച്ച ശരദ് പവാർ പാർട്ടിയുടെ തലപ്പത്ത് തുടരുന്നുവെന്നും നേതൃമാറ്റമില്ലെന്നും അറിയിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു. എല്ലാ ജില്ലകളിലെയും അണികൾ പാർട്ടി മേധാവി ശരദ് പവാറിനൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെയും എൻസിപി സമീപിച്ചിട്ടുണ്ട്.
രാവിലെ സത്താരയിലെ കരാടിൽ വൈബി.ചവാൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന പൊതുയോഗത്തിന് ശേഷം ശരദ് പവാർ നേതാക്കളെ കാണും.
പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്തുക എന്നതാകും പവാറിന് മുന്നിലുളള വെല്ലുവിളി. വിമതപക്ഷത്തെ അധികം കടന്നാക്രമിക്കാതെ കരുതലോടെയായിരുന്നു സുപ്രിയ സുലെ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണം. പാർട്ടിയിലെ സംഭവവികാസങ്ങൾ പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്ന് ശരദ് പവാറിന്റെ മകൾ കൂടിയായ പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ പറഞ്ഞു.
അജിത് പവാറിനെ സംബന്ധിച്ചിടത്തോളം, അടുത്ത നീക്കം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യഥാർത്ഥ എൻസിപി താങ്ങളാണെന്ന് തെളിയിക്കുക എന്നതാണ്. മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിയുടെ ആകെയുള്ള 53 എംഎൽഎമാരിൽ 40 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് അജിത് പവാർ അവകാശപ്പെടുന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.