കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രയോഗം.
കോൺഗ്രസ് നേതാവിൻ്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും സമൂഹത്തിൽ കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രവർത്തകനായ പികെ ബിജു പരാതി നൽകിയത്. കെപിസിസി ആഹ്വാനം ചെയ്ത സമരത്തിൻ്റെ ഭാഗമായി കണ്ണൂർ എസ്പി ഓഫീസിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് വിശ്വനാഥ പെരുമാളിൻ്റെ പ്രസംഗം.
മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടായ സ്വപ്ന സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നായിരുന്നു വിശ്വനാഥ പെരുമാൾ പ്രസംഗത്തിൽ ചോദിച്ചത്. ഫ്രോഡുകളുടെ രാജാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്നുമാണ് പറഞ്ഞത്. ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്നാട് നേതാവാണ് വിശ്വനാഥ പെരുമാൾ. ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർക്കെതിരെയും പരാതിയുണ്ട്.