ആന്ധ്രാപ്രദേശിലെ മരുന്ന് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 17 ആയി. 60ലധികം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കാണ് അനകപ്പള്ളിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എസിയന്‍ഷ്യയില്‍ പൊട്ടിത്തെറി ഉണ്ടായത്.
അനക്കപളളിയിലെ അച്യുതപുരം സ്പെഷ്യല്‍ ഇക്കണോമിക് സോണല്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലെ കെമിക്കല്‍ റിയാക്ടറിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് സ്‌ഫോടനം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.
പലരുടേയും ശരീര ഭാഗങ്ങള്‍ സ്ഥാപനത്തിന് പുറത്ത് നിന്നാണ് ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഫാക്ടറിയുടെ മേല്‍ക്കൂര പതിച്ചാണ് പലര്‍ക്കും പരിക്ക് സംഭവിച്ചിരിക്കുന്നത്. പരിക്കേറ്റവരെ വിശാഖപട്ടണത്തെ എന്‍ടിആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 381 ജീവനക്കാരാണ് രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്.
ഉച്ചഭക്ഷണത്തിന്റെ സമയം കൂടി ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴുവായെന്ന് ജില്ലാ കളക്ടര്‍ വിജയ കൃഷ്ണന്‍ അറിയിച്ചു. സ്ഫോടനം ഉണ്ടായപ്പോള്‍ പരിസരപ്രദേശങ്ങളില്‍ കനത്ത പുക ഉയര്‍ന്നിരുന്നെങ്കിലും ആര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്ന് കളക്ടര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെയോ വിശാഖപട്ടണത്തിലെയോ ആശുപത്രികളിലേക്ക് മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 2019 ഏപ്രിലിലാണ് 200 കോടി രൂപ മുതല്‍ മുടക്കില്‍ മരുന്ന് നിര്‍മാണശാലയില്‍ ഉല്‍പാദനം ആരംഭിച്ചത്.