രാജ്യം വിട്ടതിന് പിന്നാലെ ആദ്യപ്രതികരണവുമായി പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും കലാപകാരികളെ ശിക്ഷിക്കണമെന്നും ഹസീന ആവശ്യപ്പെട്ടു.
മൂന്ന് പേജുള്ള വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് ഷെയ്ഖ് ഹസീന തന്റെ ആദ്യപ്രസ്താവന നടത്തിയത്. ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ശേഷം ഇതാദ്യമായാണ് ഷെയ്ഖ് ഹസീന പ്രതികരിച്ചത്. ബംഗ്ലാദേശിലെ കൊലപാതകങ്ങളിലും അക്രമങ്ങളിലും ഉള്‍പ്പെട്ട കലാപകാരികളെ ശിക്ഷിക്കണമെന്നാണ് ഹസീന കുറിപ്പിലൂടെ ആവശ്യപ്പെട്ടത്.
ബംഗ്ലാദേശിന്റെ സ്ഥാപക പിതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ മുജീബുര്‍ റഹ്‌മാന്റെ പ്രതിമ നശിപ്പിച്ചതിന് നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മകന്‍ സജീബ് വസേദിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഹസീന കുറിപ്പ് പങ്ക് വച്ചത്.
1975 ഓഗസ്റ്റ് 15 ന് മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹസീന പ്രസ്താവനയില്‍ പരാമര്‍ശിച്ചു. ഓഗസ്റ്റ് 15 ദേശീയ ദുഖാചരണം നടത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ജൂലായി മുതല്‍ കലാപത്തില്‍ രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായെന്നും അവരുടെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഹസീന കുറിച്ചു.
ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെയാണ് കലാപകാരികള്‍ അപമാനിച്ചതെന്നും ബംഗ്ലാദേശില്‍ നിന്ന് നീതിവേണമെന്നും ഹസീന ആവശ്യപ്പെട്ടു. ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഹസീനയ്‌ക്കെതിരെ കേസെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഹസീനയുടെ പ്രതികരണം.