Share this Article
പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു
വെബ് ടീം
posted on 16-09-2023
1 min read
PROF.CR OMANAKUTTAN PASSES AWAY

കൊച്ചി:  അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീ ഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന പുസ്‌തകത്തിന്‌ 2010-ലെ ഹാസ്യ സാഹിത്യത്തിനുള്ള  കേരള സാഹിത്യ അക്കാദമിപുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി ചെയ്തു. പിന്നീട്‌ സർക്കാർ കോളജുകളിൽ മലയാളം ലക്‌ചറർ ആയും പ്രവർത്തിച്ചു. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്‌. എറണാകുളം ലിസി ആശുപത്രിക്കുസമീപം ‘തിരുനക്കര’ വീട്ടിലായിരുന്നു താമസം.

എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത്‌ ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി.അടിയന്തരാവസ്ഥക്കാലത്ത്‌ സി ആർ എഴുതി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ‘ശവം തീനികൾ’ വലിയ ചർച്ചയായിരുന്നു. പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാണാതാകുമ്പോൾ രാജന്റെ അച്ഛൻ ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. എറണാകുളം മഹാരാജാസിൽ അധ്യാപകവൃത്തി ആരംഭിച്ച കാലമായിരുന്നു അത്‌. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങൾ അടുത്തുനിന്ന്‌ കണ്ടതിന്റെ ആത്മസംഘർഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവം തീനികൾ’.

ഇക്കഴിഞ്ഞ സെപ്‌തംബർ മൂന്നിന്‌ അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലവും എൻജിനിയറിങ്‌ വിദ്യാർഥി രാജന്റെ തിരോധാനവും അനാവരണം ചെയ്യുന്ന പ്രൊഫ. സി ആർ ഓമനക്കുട്ടന്റെ  ‘ശവംതീനികൾ’, "തെരഞ്ഞെടുത്ത കഥകൾ' എന്നീ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചിരുന്നു. നടൻ മമ്മൂട്ടിയായിരുന്നു ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായിരുന്നു. ചെറുപ്പത്തിലേ സിനിമാപ്രേമിയായിരുന്നു. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്‌റ്റ്‌ ശങ്കരൻകുട്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories