സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാൻ റയിൽവെ പുതിയ നിബന്ധനകൾ മുന്നോട്ട് വയ്ക്കും. ഗേജ്, അലൈൻമെന്റ് മാറ്റം ഉൾപ്പെടെയുള്ള നിബന്ധനകൾ ആണ് വരാനിരിക്കുന്നത്. ഇതു സംബന്ധിച്ച കത്ത് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും കൈമാറും.
സംസ്ഥാന സർക്കാരിന്റെ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാൻ റയിൽവെ പുതിയ നിബന്ധനകൾ മുന്നോട്ട് വയ്ക്കും. ഗേജ്, അലൈൻമെന്റ് മാറ്റം ഉൾപ്പെടെയുള്ള നിബന്ധനകൾ വരും.
സിൽവർലൈൻ ട്രാക്കുകൾ സ്റ്റാൻഡേഡ് ഗേജിൽനിന്നു ബ്രോഡ്ഗേജായി പരിഷ്കരിക്കണമെന്ന് റയിൽവെ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. നിലവിലുള്ള റെയിൽപാതയുടെ ഒരുവശത്തു മാത്രമായി സിൽവർലൈൻ ട്രാക്കുകൾ വരുന്ന തരത്തിൽ അലൈൻമെന്റ് ക്രമീകരിക്കാനും ആവശ്യപ്പെട്ടേക്കും. അതോടൊപ്പം, റെയിൽവേ ആസൂത്രണം ചെയ്തിട്ടുള്ള മൂന്നും നാലും പാതകൾക്കു ഭൂമി മാറ്റിയശേഷം, സിൽവർലൈനിന് ഭൂമി നൽകുന്നത് പരിഗണിക്കും. നിലവിലുള്ള പാതയുമായി സിൽവർലൈനിന് നിശ്ചിത കിലോമീറ്റർ പിന്നിടുമ്പോൾ ഇന്റർചേഞ്ച് സൗകര്യം ഉണ്ടാകണമെന്ന നിബന്ധന ഉണ്ടാകും.
കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾക്ക് ആവശ്യമേറെയുണ്ടെങ്കിലും നിലവിലെ പാതയിൽ വേഗം കുറഞ്ഞ ട്രെയിനുകൾക്കൊപ്പം കൂടുതൽ വന്ദേഭാരത് ഓടിക്കുക പ്രായോഗികമല്ല.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയുണ്ടെങ്കിൽ തിരുവനന്തപുരം–കാസർകോട് 587 കിലോമീറ്റർ ദൂരം മൂന്നര മണിക്കൂറിൽ വന്ദേഭാരത് പിന്നിടും. അതിനാൽ സിൽവർലൈൻ ട്രാക്കിൽ വന്ദേഭാരത് ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഓടിക്കാനുള്ള അനുമതിയും തേടും.
റയിൽവെയുടെ നിബന്ധനകൾ, പദ്ധതിയുടെ ഘടനയെയും ചെലവിനെയും മാറ്റിമറിക്കുമെന്നതിനാൽ ഈ വ്യവസ്ഥകളോട് കേരളത്തിന്റെ പ്രതികരണം എന്താകുമെന്ന് വ്യക്‌തമല്ല. കത്ത് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് അധികൃതരുടെ നിലപാട്.