തിരുവനന്തപുരം: സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചതോടെ അത് അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി ആദ്യം ചിരിക്കുന്നില്ലെന്നതായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനം. ഇപ്പോള്‍ ചോദിക്കുന്നു എന്താ ചിരിയെന്ന്. എഡിജിപിക്കെതിരായ അന്വേഷണം അവസാനഘട്ടത്തിലാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎമ്മിനെതിരെയും എല്‍ഡിഎഫിനെതിരെയും സര്‍ക്കാരിനെതിരെയും ശക്തമായ പ്രചാരണമാണ് മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയ സ്ഥിതിഗതികളും പാര്‍ട്ടിയുടെ സമീപനങ്ങളും എന്ന ഒരു രേഖ അവതരിപ്പിച്ച് അംഗീകരിച്ചതായും എംവി ഗോവിന്ദന്‍ പറഞ്ഞു. മതരാഷ്ട്ര വാദം മുന്നോട്ടുവയ്ക്കുമ്പോള്‍ അതിനെതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ അംഗീകാരം മുഖ്യമന്ത്രിക്കുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സിപിഎം- ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്.
തൃശ്ശൂരില്‍ യു.ഡി.എഫ്. വോട്ടുകളാണ് ബി.ജെ.പി.യുടെ വിജയത്തിന് കാരണമായതെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പിയുടെ വിജയത്തിന് ഇടതുപക്ഷം കളമൊരുക്കി എന്ന പ്രചാരണം തെറ്റാണ്. അഴിമതിമുക്തമായ ഒരു പോലീസ് സംവിധാനം കേരളത്തില്‍ നിലനില്‍ക്കണം. പോലീസ് സംവിധാനത്തെ ജനകീയസേന എന്ന രീതിയില്‍ മാറ്റുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിലെ പൊലീസ് സേന, അതിന്റെ പ്രവര്‍ത്തനം വ്യക്തതയോടെ പരിശോധിച്ചാല്‍ ഇന്ത്യയിലെ മികച്ച സംവിധാനമാണ് ഇവിടുത്തേത്. അഴിമതി മുക്തമായ ഒരു പൊലീസ് സംവിധാനം നിലനില്‍ക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. കുറ്റാന്വേഷണത്തിലും രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളം. അതിനനുയോജ്യമായ രീതിയിലാണ് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വയനാട് ദുരന്തത്തിലും പ്രളയത്തിലും ഓഖി ദുരന്തത്തിലുമെല്ലാം പൊലീസിന്റെ ഇടപെടല്‍ മാതൃകാപരമായിരുന്നു. കോവിഡ് കാലത്ത് ജനങ്ങളെ പരിചരിക്കുന്നതില്‍ പതിനെട്ട് പൊലീസുകാരാണ് മരിച്ചത്.
വര്‍ഗീയ ആക്രമണത്തിന് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചപ്പോള്‍ അത് തടയുന്ന രീതിയിലാണ് കേരളാ പൊലീസ് പ്രവര്‍ത്തിച്ചത്. ഹിന്ദുമുന്നണി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആയിരങ്ങളെ അണിനിരത്തി കലാപത്തിന് ശ്രമിച്ചപ്പോള്‍ അത് തടഞ്ഞത് കേരളാ പൊലീസാണ്. എസ്ഡിപിഐയും ആര്‍എസ്എസും മണിക്കൂറുകള്‍ വച്ച് ആലപ്പുഴയിലും പാലക്കാടും കൊലപാതകം നടത്തിയപ്പോള്‍ പൊലിസിന്റെ ജാഗ്രതയും കൊണ്ടാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് ഈ ജില്ലകള്‍ പോകാതിരുന്നത്.
സ്വര്‍ണക്കടത്ത് ക്രമസമാധാനപ്രശ്‌നമാകുന്ന സാഹചര്യമുണ്ടായി. കരിപ്പൂരില്‍ കള്ളക്കടത്ത് സുഗമമാക്കിയത് കസ്റ്റംസാണ്. ഇതില്‍ പൊലീസിന് ഇടപെടാതിരിക്കാനാവില്ല. അന്‍വറിന്റെ സാക്ഷികള്‍ കള്ളകടത്തുസംഘമാണ്. കേരളീയ സമൂഹത്തിലെ എല്ലാ അലയൊലി കേരളാ പൊലീസിലും ഉണ്ടാകും. റിട്ടയര്‍മെന്റിന് ശേഷം വിവിധരാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. യുഡിഎഫിന്റെ കാലത്തെ ഒരു പൊലീസ് മേധാവി സംഘപരിവാര്‍ കേന്ദ്രത്തിലെത്തിയിരുന്നു.
പൊലീസ് സേനയില്‍ തെറ്റായ നിലാപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ അന്വഷണം നടത്തുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കും. എഡിജിപി അജിത് കുമാറിന്റെ ആര്‍എസ്എസ് കൂടിക്കാഴ്ച സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിന്റെ വസ്തുതയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും.
എഡിജിപിയുടെ ഭാഗത്തുനിന്ന് ശരിയല്ലാത്ത കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നതാണ് ഡിജിപി പരിശോധിക്കുന്നത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ മറുപടി പറയാം. മാധ്യമങ്ങള്‍ ധൃതിപ്പെടേണ്ടതില്ലെന്നാണ് പറയുന്നത്. ശശിക്കെതിരായ അന്‍വറിന്റെ പരാതിയില്‍ ഒന്നും അന്വേഷിക്കാനില്ല. ശശിയുടെ പേരില്‍ സെക്രട്ടറിക്ക് തന്ന കത്തിലെ ഉള്ളടക്കം പരിശോധിച്ചപ്പോള്‍ ശശിയുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതായി ഒന്നുമില്ല. ആ കത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലുണ്ട്.
ഇസ്രയേല്‍ സേന നടത്തുന്ന അധിനിവേശത്തിന്റെയും ഹമാസിനെതിരായ കടന്നാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ സി.പി.എം. ഒക്ടോബര്‍ ഏഴിന് യുദ്ധവിരുദ്ധ ദിനമായി ആചരിക്കും. ജില്ലാകേന്ദ്രങ്ങളില്‍ യുദ്ധത്തിനെതിരായി കാമ്പയിനുകള്‍ നടത്താനും തീരുമാനിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വയനാടിന് ഫണ്ട് അനുവദിക്കാത്തത് എന്നിവ ഉള്‍പ്പെടെ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സി.പി.എം. തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.