കൊച്ചി: പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഏഴുവയസുകാരിയ്ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തതായി പരാതി. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. വിട്ടുമാറാത്ത പനി മൂലം രക്തപരിശോധനയ്ക്കായി എത്തിയ പെൺകുട്ടിയ്ക്കാണ് വാക്സിൻ മാറി നൽകിയത്.പനി മൂലം കഴിഞ്ഞ ഒമ്പതാം തീയതി കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സ തേടി മടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പനിയ്ക്ക് ശമനമുണ്ടായില്ല. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടർ രക്തപരിശോധനയ്ക്ക് നിർദേശിച്ചതോടെ കുട്ടിയെ പരിശോധന റൂമിലേയ്ക്ക് എത്തിച്ചു.
എന്നാൽ അമ്മ ഫോം പൂരിപ്പിക്കാനായി മാറിയ സമയം നഴ്സ് കുട്ടിയുടെ ഇരുകൈകളിലും പേവിഷബാധയുടെ കുത്തിവയ്പ്പ് എടുത്തതായാണ് പരാതി.അമ്മ സമീപത്ത് നിന്ന് മാറിയതും നഴ്സ് കുട്ടിയോട് പൂച്ച മാന്തിയതിനാണോ എത്തിയത് എന്ന് ചോദിക്കുകയും കുട്ടി അതേ എന്ന് മറുപടി നൽകിയതോടെ കുത്തിവെയ്പ്പ് നൽകി എന്നുമാണ് വിവരം. വാക്സിൻ മാറി നൽകിയതിൽ ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.അതേസമയം കഴിഞ്ഞ ആഴ്ച കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലും കുത്തിവയ്പ്പ് മാറി നൽകിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.