Share this Article
ചലച്ചിത്രനിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ
വെബ് ടീം
posted on 08-09-2023
1 min read
PRODUCER RAVEENDAR CHANDRASHEKHARAN ARRESTED

ചെന്നൈ: പ്രമുഖ ചലച്ചിത്രനിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ. ഒരു വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെടുത്ത കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് രവീന്ദർ ചന്ദ്രശേഖരനെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2020-ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. 

മുനിസിപ്പൽ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന പവർ പ്രോജക്ടുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15,83,20,000/ രൂപ നൽകുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല എന്നതാണ് പരാതിക്കടിസ്ഥാനം. ഇതിലാണിപ്പോൾ നിർമാതാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ബാലാജിയിൽ നിന്ന് നിക്ഷേപം നേടിയെടുക്കാൻ രവിന്ദർ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കമ്മീഷണർ സന്ദീപ് റായ് റാത്തോഡിന്റെ നിർദേശപ്രകാരം പോലീസ് ഒളിവിൽപ്പോയ പ്രതിയെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതാദ്യമായല്ല രവീന്ദർ വിവാദങ്ങളിൽ അകപ്പെടുന്നത്.

സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് രവീന്ദർ ചന്ദ്രശേഖരൻ. ടെലിവിഷൻ താരവും അവതാരകയുമായ മഹാലക്ഷ്മിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ഏറെ ചർച്ചയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories