ശരീഅത്ത് അടക്കമുള്ള മത നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുകയാണ് ആവശ്യമെന്നും ഏകീകൃത സിവിൽകോഡ് നടപ്പാക്കുകയല്ല വേണ്ടതെന്നും ഫോറം ഫോർ മുസ്ലിം വുമൺസ് ജെൻഡർ ജസ്റ്റിസ്. മത നേതൃത്വങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഏകീകൃത സിവിൽ കോഡിനെതിരായ സമരങ്ങൾ സംഘടിപ്പിക്കുന്നത് അനുചിതമാണ്. സ്ത്രീകൾക്ക് ഖുർആൻ നൽകുന്ന പരിഗണന ശരീഅത്ത് നിയമത്തിൽ ലഭിക്കുന്നില്ല. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിച്ച രാജ്യത്ത് വർഗീയ ധ്രുവീകരണം നടത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കം അപലപനീയമാണെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു.
2018 ൽ നിയമ കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തി നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആ റിപ്പോർട്ടിൽ ഒരു നടപടിയും സ്വീകരിക്കാതെ കേന്ദ്രസർക്കാർ ഏകീകൃത സിവിൽകോഡിന് വേണ്ടിയുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ്. ലിംഗ വിവേചനം അവസാനിപ്പിച്ച് മത നിയമങ്ങൾ പരിഷ്കരിക്കുകയാണ് ചെയ്യേണ്ടത്.
ശരീഅത്ത് നിയമങ്ങൾ ഖുർആനികമല്ല. ഖുർആൻ സ്ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കുന്നുണ്ട്. മത നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീങ്ങളെ അപരവൽക്കരിച്ച് ഹിന്ദുത്വ അജണ്ട ശക്തിപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഫോറം ഫോർ മുസ്ലിം വുമൺസ് ജെൻഡർ ജസ്റ്റിസ് ചെയർപേഴ്സൺ ഡോ.ഖദീജ മുംതാസ് പറഞ്ഞു.
വ്യക്തി നിയമങ്ങളിലും മതേതര നിയമങ്ങളിലും പക്ഷപാതപരമായ അംശങ്ങൾ നീക്കം ചെയ്ത് പരിഷ്കാരങ്ങൾ കൊണ്ടുവരണം. ഏകീകൃത സിവിൽ കോഡിനെതിരെ എൽ.ഡി.എഫ്, യുഡിഎഫ് കക്ഷികൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. സാമൂഹ്യ പരിഷ്കരണങ്ങൾക്ക് നിയമ സാധുത ഉണ്ടാക്കിയത് മത യാഥാസ്ഥിതികത്വത്തിന്റെ ശക്തമായ എതിർപ്പുകൾ മറികടന്നുകൊണ്ടാണ്. മുസ്‌ലിം സമുദായത്തിനിടയിലും നവോത്ഥാനം അനിവാര്യമാണെന്നും ഫോറം ഫോർ മുസ്ലിം വുമൺസ് ജെൻഡർ ജസ്റ്റിസ് ഭാരവാഹികൾ പറഞ്ഞു. കൺവീനർ നെജു ഇസ്മായിൽ, കൺവീനർ എം.സുൽഫത്ത്, നഫീസ കോലോത്ത് തയ്യിൽ, നബീസ സെയ്ദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.