ന്യൂഡൽഹി: രാജ്യത്ത് ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന്റെ തുടർച്ച പ്രവചിച്ച് ഏതാണ്ട് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വന്നു. എൻ.ഡി.എ മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് മിക്കവരുടെയും പ്രവചനം.
ഇതിൽ നിന്ന് വ്യത്യസ്തമായ ഫലമാണ് ഡി.ബി ലൈവ് പുറത്തുവിട്ടത്. ഇൻഡ്യാ മുന്നണി 260 മുതൽ 295 വരെ സീറ്റ് നേടുമെന്ന് ഇവർ പ്രവചിക്കുന്നു. എൻ.ഡി.എക്ക് ലഭിക്കുന്ന സീറ്റ് 215 മുതൽ 245 വരെയാകും.
തമിഴ്നാട്ടിൽ 37 മുതൽ 39 വരെ സീറ്റ് ഇൻഡ്യാ മുന്നണിക്ക് ലഭിക്കും. ഒരു സീറ്റാണ് എൻ.ഡി.എക്കുള്ളത്. മഹാരാഷ്ട്രയിൽ ഇൻഡ്യാ മുന്നണി 28-30 സീറ്റുകൾ വരെയും എൻ.ഡി.എ ഏകദേശം 20 സീറ്റുകളുമാണ് നേടുക.
ബിഹാറിലും കർണാടകയിലും ഇൻഡ്യാ മുന്നണിക്ക് തന്നെയാണ് മേധാവിത്വം. ബിഹാറിൽ എൻ.ഡി.എ 14-16, ഇൻഡ്യാ മുന്നണി 24-26 എന്നിങ്ങനെയാണ് പ്രവചനം. കർണാടകയിൽ എൻ.ഡി.എ 8-10, ഇൻഡ്യാ മുന്നണി 18-20 എന്നിങ്ങനെയും പ്രവചിക്കുന്നു. രാജസ്ഥാനിൽ എൻ.ഡി.എ 17-19, ഇൻഡ്യാ മുന്നണി 6-8 എന്നിങ്ങനെയാകും സീറ്റ് നില.
കേരളത്തിൽ 16-18 വരെ സീറ്റുകൾ യു.ഡി.എഫ് നേടും. എൽ.ഡി.എഫിന് 2-3 സീറ്റുകളാണ് സാധ്യത. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്.
ഉത്തർ പ്രദേശിൽ എൻ.ഡി.എക്ക് 46-48 സീറ്റുകളും ഇൻഡ്യാ മുന്നണിക്ക് 32-34 സീറ്റുകളുമാണ് പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 26-28, ബി.ജെ.പി 11-13, കോൺഗ്രസ് 2-4 എന്നിങ്ങനെയാണ് പ്രവചനം.