നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാന - രാജ്യ താത്പര്യം മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ അപ്രധാനമാക്കിയെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഇല്ലാതാക്കിയെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.വിവേചനം കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.
പ്രാദേശിക പ്രാധാന്യം മാത്രമുള്ള ചോദ്യങ്ങള്‍ തള്ളാനുള്ള അവകാശമുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ മറുപടി നല്‍കി. സഭയില്‍ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ല എന്നാണ് ചട്ടമെന്ന് ഓര്‍മിപ്പിച്ച സ്പീക്കര്‍, ചട്ടലംഘനം ഇല്ലെന്നും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് ചോദ്യങ്ങളും നക്ഷത്രചിഹ്നം ഒഴിവാക്കിയതെന്നും മറുപടി പറഞ്ഞു.
വിശദീകരണം തള്ളിയ പ്രതിപക്ഷം, സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിച്ചു. സ്പീക്കര്‍ രാജിവയ്ക്കണം എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം സഭവിട്ടിറങ്ങി.