ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന് ജയിലില്‍ വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍ നടപടി. പരപ്പന അഗ്രഹാര ജയിലെ ഏഴ് ഉദ്യോസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.
രേണുകസ്വാമിവധക്കേസില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്റെ ജയിലില്‍ നിന്നുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജയിലിനകത്ത് നിന്ന് സിഗററ്റ് വലിക്കുന്ന ഫോട്ടോയ്ക്ക് പിന്നാലെ ജയിലിനകത്ത് നിന്ന് വീഡീയോ കോള്‍ ചെയ്യുന്ന ദര്‍ശന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചു.
ഇതോടെ ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണനയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഏഴ് ജയില്‍ ജീവനക്കാരെ കര്‍ണാടക ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
പരപ്പന അഗ്രഹാര ജയിലില്‍ ഗുരുതരമായ സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്നും വിഷയം കൂടുതല്‍ അന്വേഷിക്കുകയാണെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര്‍ പറഞ്ഞു. ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകസ്വാമിയുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദര്‍ശന്‍.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ജയിലിനകത്ത് സിഗരറ്റുമായി ഇരിക്കുന്ന ദര്‍ശനെയും കാണാം.ദര്‍ശനൊപ്പം ക്രിമിനല്‍ വില്‍സണ്‍ ഗാര്‍ഡന്‍ നാഗയും നടന്റെ മാനേജരും രേണുകസ്വാമി കൊലക്കെസ് പ്രതികൂടിയായ നാഗരാജ്, മറ്റൊരു ജയില്‍ അന്തേവാസിയായ കുല്ല സീന എന്നിവരും ഉള്‍പ്പെടുന്നു.
ജയിലില്‍ വീട്ടില്‍നിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് നേരത്തെ ദര്‍ശന്‍ നല്‍കിയ ഹര്‍ജി ബംഗളൂരു എ.സി.എം.എം കോടതി തള്ളിയിരുന്നു.