Share this Article
ആരോപണം സിനിമയ്ക്ക് പുറത്തേക്കും, നടിയുടെ വെളിപ്പെടുത്തലിൽ കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരനും
വെബ് ടീം
posted on 26-08-2024
1 min read
VS CHANDRASHEKHARAN

കൊച്ചി: കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഉള്ള വെളിപ്പെടുത്തലുകളിൽ നടിയുടെ ആരോപണം സിനിമയ്ക്ക് പുറത്തേക്കും.നിര്‍മാതാവിനായി കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ് ചന്ദ്രശേഖരന്‍ തന്നെ ബോള്‍ഗാട്ടി പാലസിലെത്തിച്ചെന്ന് നടി മിനു മുനീര്‍. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി നിയമസഹായ വിഭാഗം അധ്യക്ഷനുമാണ് ചന്ദ്രശേഖരന്‍. പ്രമുഖ നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്‍റെ പേരും നടി പറഞ്ഞത്. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു നടി നേരത്തേ വെളിപ്പെടുത്തിയത്.

രേഖാമൂലം പരാതിയുണ്ടെങ്കില്‍ അവര്‍ നല്‍കട്ടെയെന്നും അങ്ങനെ രേഖാമൂലമുള്ള പരാതി വന്നുകഴിഞ്ഞാല്‍ പ്രതികരണം നടത്താമെന്നുമാണ് ആരോപണം സംബന്ധിച്ച് ചന്ദ്രശേഖരൻ മറുപടി നൽകിയിരിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ തന്നെ ബോധപൂര്‍വം ആക്ഷേപിക്കാനാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ആരോപണമുന്നയിച്ച നടിയെ പരിചയമുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നുണ്ട്. കൊച്ചിയില്‍ താമസിച്ച സമയത്താണ് നടിയെ പരിചയം. എന്നാല്‍, അവർ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ് അഡ്വ. ചന്ദ്രശേഖരന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories