ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വെടിനിര്‍ത്തലില്‍ ഹമാസിന്റെ തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും
യുദ്ധമുനമ്പായ ഗാസയില്‍ ശാന്തിക്കായുള്ള ശ്രമത്തിലാണ് ലോകം. ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥരുടെ സഹായത്തോടെ ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച ആരംഭിച്ച ചര്‍ച്ച തുടരുകയാണ്. ഇന്ന് രാത്രിയോടെയാകും അന്തിമ തീരുമാനം ഉണ്ടാകുക. ബന്ദികളാക്കിയവരുടെ എണ്ണം ഇസ്രയേല്‍ കുറച്ചതിന് പിന്നാലെ വെടിനിര്‍ത്തലിന് ഉള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 600 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നാണ് ഹമാസ് പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഹമാസ് നല്‍കിയ പട്ടികയിലുള്ള പലസ്തീനുകാര്‍ കൊലപാതകം അടക്കം ഗുരുതരകുറ്റകൃത്യങ്ങളില്‍ പ്രതികളാണ്.
കെയ്റോയിലെ സമാധാന ചര്‍ച്ചയില്‍ നിന്ന് ഹമാസ് പിന്മാറിയാല്‍ ഗാസ മുനമ്പിലെ റഫ മേഖലയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ നേരത്തെ തുറന്നടിച്ചിരുന്നു. 1.3 ദശലക്ഷം പലസ്തീനികള്‍ റഫയില്‍ താമസിക്കുന്നുണ്ട്.
അതിനാല്‍ റഫയിലെ സൈനിക നടപടികളുണ്ടായാല്‍ അത് വലിയ ആഘാതമാണ് ഉണ്ടാക്കുക.ഇക്കാരണങ്ങളാലെല്ലാം കെയ്‌റോയിലെ മധ്യസ്ഥ ചര്‍ച്ചയിലൂടെ ഗാസ മുനമ്പില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ലോകം.