Share this Article
പ്രവാസ ലോകത്തുണ്ടായ ഏറ്റവും വലിയ ദുരന്തം,മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രനടപടി ഔചിത്യമില്ലാത്തതെന്നും ലോകകേരള സഭ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി
വെബ് ടീം
posted on 14-06-2024
1 min read
cm-pinarayai-vijayan-condemns-death-of-malayalis-in-kuwait-building-fire

തിരുവനന്തപുരം:  കുവൈറ്റിലെ തീപിടിത്തം പ്രവാസ ലോകത്തെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കുവൈറ്റിലേക്ക് അയക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവും മുഖ്യമന്ത്രി നൽകി.ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്ദര്‍ശിക്കുന്നത് നാടിന്റെ സംസ്‌കാരമാണെന്നും സാന്നിധ്യമറിയിക്കുക, ആശ്വസിപ്പിക്കുയെന്നത് പൊതുമര്യാദയാണെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തിന്റെ ഇടപെടല്‍ വേണ്ട എന്ന കേന്ദ്രനിലപാട് ഒൗചിത്യമല്ലെന്നും പിണറായി പറഞ്ഞു. ലോകകേരള സഭയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


'നിങ്ങള്‍ എന്തിനാണ് പോകുന്നതെന്ന് ചിലര്‍ ചോദിച്ചെന്ന് പറയുന്നുണ്ട്. നമ്മുടെ കേരളത്തിന്റെയും മലയാളികളുടെയും പൊതുരീതിയും സംസ്‌കാരവും ഉണ്ടല്ലോ. അത് ഇത്തരം ഘട്ടങ്ങളില്‍ എത്തിച്ചേരുക എന്നതാണ്. അത് നമ്മുടെ നാട് ആഗ്രഹിക്കുന്ന കാര്യമാണ്. ഒരുമരണവീട്ടില്‍ നമ്മള്‍ പോകുന്നു. അവിടെ ഈ നിലവച്ച് ചോദിക്കാലോ?. അവിടെ പോയിട്ട് എന്താണ് പ്രത്യേകം ചെയ്യാനുള്ളതെന്ന്. നമ്മുടെ നാടിന്റെ സംസ്‌കാരമാണ് ആ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുക. നമ്മുടെ സാന്നിധ്യത്തിലൂടെ സഹതാപം അറിയിക്കുക. ആരോഗ്യമന്ത്രി തന്നെ അവിടെയെത്തുമ്പോള്‍ പരിക്കേറ്റ് കിടക്കുന്നവരുടെ കാര്യം, ഇത് സംബന്ധിച്ച് മലയാളി സമൂഹത്തിന് പറയാനുള്ള കാര്യം അതെല്ലാം സാധാരാണ ഗതിയില്‍ അറിയാനും കൈകാര്യം ചെയ്യാനും സാധിക്കും. പക്ഷെ എന്തുചെയ്യാം അതെല്ലാം നിഷേധിച്ചു കളഞ്ഞു'- പിണറായി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റില്‍ പോകാന്‍ അനുമതി നല്‍കാതിരുന്നത് ശരിയായ നടപടിയല്ലെന്ന് രാവിലെ മുഖ്യമന്ത്രി കൊച്ചിയില്‍ പ്രതികരിച്ചിരുന്നു. ഈ സമയത്ത് അത് വിവാദമാക്കാനില്ല. അതിനാല്‍ താന്‍ ഇപ്പോള്‍ അത് ഉന്നയിക്കുന്നില്ല. അക്കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമല്ല. പിന്നീട് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടത് മലയാളികളാണ് എന്നതു കണക്കിലെടുത്ത് മന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോകാന്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാതിരുന്നതിനാല്‍ പോകാന്‍ സാധിച്ചില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories