കൊല്‍ക്കത്ത:വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യാനും ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഷൂട്ട് ചെയ്യുന്നതിനായി ഐ ഫോണ്‍ 14 വാങ്ങുന്നതിനുമായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസില്‍ ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കാണാതാവുകയും ദമ്പതിമാരുടെ കൈയില്‍ പുതിയ ഫോണ്‍ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്.
ബരാക്പുര്‍ സബ്ഡിവിഷനിലെ ജയദേവ് ഘോഷ്, സതി എന്നീ ദമ്പതിമാരാണ് പിടിയിലായത്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള ഒരു മകളും ഉണ്ട്. ഈ പെണ്‍കുട്ടിയേയും വില്‍പന നടത്താന്‍ ശ്രമം നടന്നതായി പോലീസ് പറഞ്ഞു.ഒന്നര മാസം മുമ്പാണ് എട്ട് മാസം പ്രായമുണ്ടായിരുന്ന ആണ്‍ കുഞ്ഞിനെ വിറ്റതെങ്കിലും കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് ലക്ഷം രൂപയ്ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. ഇതിന് ശേഷം ഇവര്‍ ഫോണ്‍ വാങ്ങിക്കുകയും വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയുമുണ്ടായി.
പുതിയ ഐഫോണും മറ്റും ഇവരുടെ കൈയില്‍ കണ്ടതോടെ അയല്‍വാസികള്‍ക്ക് സംശയം തോന്നുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പ്രിയങ്ക ഘോഷ് എന്ന യുവതിയില്‍ നിന്നാണ് പോലീസ് കുഞ്ഞിനെ കണ്ടെടുത്തത്.