സംസ്ഥാന പൊലീസിന്റെ ശ്വാന സേനയിലെ ഏറ്റവും മികച്ച സ്‌നിഫര്‍ ഡോഗുകളില്‍ ഒന്നായ കല്യാണി വിടവാങ്ങി. നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊലീസ് സേനയെയും സേനക്ക് പുറത്തുള്ള ആരാധകരുടെയും കണ്ണ് നനയിച്ചാണ് കല്യാണി വിട വാങ്ങിയത്.
എട്ടര വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് സേനയിലെ പ്രിയപ്പെട്ടവരെ വിട്ട് അവള്‍ പോയത്. ഈ കാലയളവില്‍ കല്യാണിയുടെ എത്രയോ നിര്‍ണ്ണായക കണ്ടെത്തലുകളാണ് സേനയുടെ അഭിമാനം കാത്തത്ത്. വയറിലുണ്ടായ ഒരു ട്യൂമര്‍ നീക്കാന്‍ ശാസ്ത്രക്രിയ നടത്തി, പക്ഷേ പ്രതീക്ഷകള്‍ തകര്‍ത്ത് കൊണ്ട് അവള്‍ മരണത്തിന് കീഴടങ്ങി.
സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലന്‍സ് പുരസ്‌കാരം ഉള്‍പ്പെടെ കല്യാണി നേടിയ ബഹുമതികള്‍ അനേകം. 2015 ലാണ് കെനൈന്‍ സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. സേനയില്‍ എത്തുമ്പോള്‍ തന്നെ ഏറ്റവും മിടുക്കി എന്ന പരിവേഷം കല്യാണിക്ക് ഉണ്ടായിരുന്നു. സേനക്കുള്ളിലും പുറത്തും കല്യാണിക്ക് ആരാധകര്‍ അനേകമായിരുന്നു.