Share this Article
image
1975 ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തെ മോര്‍ച്ചറിയിലാക്കിയ ഇരുണ്ട ദിനം...!
June 25, 1975, the dark day that left Indian democracy in the mortuary...!

1975 ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തെ മോര്‍ച്ചറിയിലാക്കിയ ഇരുണ്ട ദിനം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തിലേക്ക് രാജ്യം കടക്കുകയാണ്. ആ ഇരുണ്ട കാലത്തിന്റെ ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം

പതിറ്റാണ്ടുകള്‍ പലതുകഴിഞ്ഞു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെറ്റിയിലെ കറുത്തപൊട്ടായി ഇന്നും അടയാളപ്പെടുത്തുകയാണ് അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട കാലം. ജനാധിപത്യം ജീവശ്വാസമായി കാണുന്ന ഓരോ മനസുകളിലും കലണ്ടര്‍ താളുകള്‍ എത്ര ചാരമായാലും ഓര്‍മ്മകളുടെ തികട്ടലുകളില്‍ ആ ദിനങ്ങള്‍ കനല്‍ക്കട്ടപോലെ തിളങ്ങിനില്‍ക്കും.

1975 ജൂണ്‍ 25ൂ നാണ് അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ കൊണ്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയാണ് അതിനു കാരണമായി ഇന്ദിര ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സകല അധികാരങ്ങളും അതോടെ ഇന്ദിര ഗാന്ധി എന്ന ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകൃതമായി.

തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടു, പൗരന്മാരുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങള്‍ ഒരു നിമിഷം കൊണ്ട് അസാധുവായി. ആറാറുമാസം കൂടുമ്പോള്‍ ഇന്ദിരയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് അടിയന്തരാവസ്ഥ നീട്ടിക്കൊടുത്തുകൊണ്ടിരുന്നു. 1971 -ലെ ഇന്തോ-പാക് യുദ്ധത്തില്‍ നേടിയ വിജയം ഇന്ദിരയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു.

'ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന മുദ്രാവാക്യം വിശ്വസ്ത വിധേയനായ ദേവകാന്ത ബറുവയുടെ വായില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ബന്‍സിലാല്‍, വിദ്യാശങ്കര്‍ ശുക്ല, സഞ്ജയ് ഗാന്ധി, സിദ്ധാര്‍ഥ ശങ്കര്‍ റേ തുടങ്ങിയ നേതാക്കള്‍ അതേറ്റുചൊല്ലി.

ഇന്ദിരയുടെ ചുറ്റുമുള്ള ഉപജാപകവൃന്ദം തോന്നുംപടി കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ തുടങ്ങിയപ്പോള്‍, മറുപക്ഷത്ത് സമാജ് വാദി നേതാവ് രാജ് നാരായണെപ്പോലുള്ളവര്‍ ഇന്ദിരയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലായിരുന്നു.റായ് ബറേലി മണ്ഡലത്തില്‍ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കോടതിയില്‍ ചോദ്യം ചെയ്തു രാജ് നാരായണ്‍.

പ്രധാനമന്ത്രിയുടെ സ്റ്റെനോഗ്രാഫറായിരുന്ന യശ്പാല്‍ കപൂര്‍, സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നുകൊണ്ട് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ മുഴുകിയത് ചൂണ്ടിക്കാണിച്ചായിരുന്ന രാജ് നാരായന്റെ കേസ്. കേസ് വളരെ ശക്തമാണ് എന്നും, കോടതിയില്‍ ചിലപ്പോള്‍ പ്രതികൂലമായ വിധി വരാനിടയുണ്ട് എന്നുമുള്ള നിയമോപദേശം കിട്ടിയത് ഇന്ദിരയെ വല്ലാത്ത ഭയാശങ്കകളിലേക്ക് തള്ളിയിട്ടിരുന്നു.

ജൂണ്‍ 12 -ന്  അലഹബാദ് ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നു. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കി. അടുത്ത ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ദിരയെ വിലക്കി. ഗുജറാത്തിലും ഇന്ദിരക്ക് കടുത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ഈ ഇരട്ട പ്രഹരം ഇന്ദിരയെ കോപം കൊണ്ട് അന്ധയാക്കി. അവര്‍ ജെപിയെ അറസ്റ്റുചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

രാജ്യം മുഴുവന്‍ അലയടിച്ച സമരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ടായിരുന്നു. ഇന്ദിരയ്ക്ക് അന്ന് ഉപദേശം നല്കാനുണ്ടായിരുന്നത് ഇളയ പുത്രനായ സഞ്ജയ് ഗാന്ധി ആയിരുന്നു. രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ അലയടിച്ചു.

പലയിടത്തും പ്രതിപക്ഷ നേതാക്കള്‍ ജയിലറക്കുള്ളിലായി. ഒടുവില്‍ 1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. കാലമെത്ര കഴിഞ്ഞാലം അടിയന്തരാവസ്ഥയുടെ കിരാത നാളുകള്‍ ഓരോ ജനാധിപത്യ വാദിയുടെയും മനസുകളില്‍ അലയടിച്ചുകൊണ്ടിരിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories