മലപ്പുറം: കോഴിക്കോട് ഹോട്ടൽ മുറിയിൽ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രത്യേക ക്യാമറ ഉപയോഗിച്ച് പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ(35) എന്നയാളെയാണ് കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂർ പൊലീസ് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ റൂമെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
തിരൂർ കുറ്റൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച ക്യാമറയും പോലീസ് കണ്ടെടുത്തു.