Share this Article
'സ്മൈൽ പ്ലീസ്'; വിക്രം ലാൻഡറിന്റെ ചിത്രമെടുത്ത് റോവർ
വെബ് ടീം
posted on 30-08-2023
1 min read
ROVER CLIKED AN IMAGE OF ROVER

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് റോവര്‍ പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്ത്. സ്‌മൈല്‍ പ്ലീസ് എന്ന തലക്കെട്ടോടെ ഐഎസ്ആര്‍ഒയാണ് എക്‌സിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

റോവറിനെ വഹിച്ചിരുന്ന വിക്രം ലാന്‍ഡറിന്റെ ചിത്രമാണ് പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയത്. ഇന്ന് രാവിലെയാണ് റോവര്‍ ചിത്രമെടുത്തതെന്ന് ചിത്രങ്ങള്‍ സഹിതമുള്ള കുറിപ്പില്‍ ഐഎസ്ആര്‍ഒ വ്യക്തമാക്കി.

റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന നാവിഗേഷന്‍ ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലബോറട്ടറി ഫോര്‍ ഇലക്ട്രോ- ഒപ്റ്റിക്‌സ് സിസ്റ്റമാണ് നാവിഗേഷന്‍ ക്യാമറ വികസിപ്പിച്ചത്. വിക്രം ലാന്‍ഡറിലെ രണ്ട് പേലോഡുകളെ എടുത്തു കാണിച്ച് കൊണ്ടുള്ളതാണ് ചിത്രങ്ങള്‍. വിക്രം ലാന്‍ഡറിന്റെ താഴെയായാണ് ഇവയെ ക്രമീകരിച്ചിരിക്കുന്നത് എന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.

അതിനിടെ, ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം ചന്ദ്രയാന്‍ 3 സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം കണ്ടെത്തിയത്.

പ്രഗ്യാന്‍ റോവറിലുള്ള ലേസര്‍ ഇന്‍ഡസ്ഡ്ബ്രേക്സൗണ്‍ സ്പെക്ട്രോസ്‌കോപ് (എല്‍ഐബിഎസ്) എന്ന ഉപകരണം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം അസന്ദിഗ്ധമായി സ്ഥിരീകരിച്ചുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.കൂടുതല്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്‌നീഷ്യം, ഒക്സിജന്‍ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ പറഞ്ഞു. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകള്‍ നടന്നുവരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.ആഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories