Share this Article
രണ്ടിടത്തായി നാലു ബോംബ് വെച്ചു; റിമോട്ട് വഴി സ്ഫോടനം; പ്രാർത്ഥനാഹാളിൽ ഡൊമിനിക്കിന്റെ ഭാര്യാമാതാവും
വെബ് ടീം
posted on 29-10-2023
1 min read
dominic bomb story

കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ചത് കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ തമ്മനത്തെ വീട്ടില്‍ വെച്ചാണെന്ന് പൊലീസ്. ഫോര്‍മാനാണ് ഇയാള്‍. അതുകൊണ്ടു തന്നെ സാങ്കേതിക അറിവുണ്ട്. വീട്ടില്‍ ഡൊമിനിക് ഒറ്റയ്ക്കാണ് കിടക്കുന്നത്. ഈ മുറിയില്‍ വെച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

രണ്ടു ബിഗ് ഷോപ്പറുകളിലായാണ് ബോംബ് കൊണ്ടുവന്നത്. ഹാളില്‍ രണ്ടിടത്തായി നാലു ബോംബ് വെച്ചു. പെട്രോളും ഗുണ്ടും പടക്കവും ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്ന് ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് ബോംബ് നിര്‍മ്മിച്ചത്. ആരുടേയും സഹായം തേടിയില്ല. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് പഠിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാനായി ഡൊമിനിക്ക് മാര്‍ട്ടിന്റെ യൂ ട്യൂബ് ലോഗിന്‍ പൊലീസ് പരിശോധിക്കുകയാണ്.

ടിഫിന്‍ ബോക്‌സില്‍ അല്ല , പ്ലാസ്റ്റിക് കവറിലാക്കിയാണ് ബോംബ് കൊണ്ടു വെച്ചത്. രാവിലെ ഏഴുമണിക്ക് സ്‌കൂട്ടറിലാണ് ബോംബുമായി എത്തിയത്. ബോംബു വെച്ചശേഷം ഹാളിന് പിന്നില്‍ പോയിരുന്നു. പിന്നീട് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

കൊച്ചിയിലെ പല കടകളില്‍ നിന്നായിട്ടാണ് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങിയതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. എല്ലാത്തിന്റേയും ബില്ലുകളും വാങ്ങിയിരുന്നു. എറണാകുളത്തെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. തെളിവുകള്‍ എല്ലാം ശേഖരിച്ചശേഷമായിരുന്നു സ്‌ഫോടനം നടത്തിയത്.


അതേസമയം ബോംബ് സ്ഫോടനത്തിന് പിന്നാലെ സംഭവ സ്ഥലത്തു നിന്ന് പോയ നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിന്‍റെ നമ്പര്‍ ഒരാള്‍ പൊലീസിനെ വിളിച്ച് അറിയിച്ചതാണ്. ഈ നമ്പറില്‍ മറ്റൊരു കാര്‍ കണ്ടെത്തിയതോടെയാണ് നീല കാര്‍ സംബന്ധിച്ച് സംശയമുണ്ടായത്. എന്നാല്‍ ഈ കാറിന് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് നിലവില്‍ പൊലീസിന്‍റെ കണ്ടെത്തല്‍. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയന്ന് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് പൊലീസിന്‍റെ നിഗമനം. 

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളമശ്ശേരിയിലെത്തും. സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രി യാത്രതിരിക്കുക. ഹെലികോപ്റ്ററിലായിരിക്കും തിരുവനന്തപുരത്ത് നിന്നും കളമശ്ശേരിയിലെത്തുക. തുടർന്ന് സ്‌ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രികളിൽ ചെന്ന് സന്ദർശിച്ചേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories