തിരുവനന്തപുരം: ഛായാഗ്രാഹകനും ചലച്ചിത്ര പ്രവർത്തകനുമായ കുളത്തൂർ പുളിമൂട്ടുവിളാകത്തു വീട്ടിൽ വി അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖങ്ങളെത്തുടർന്ന് ഒരു വർഷത്തിലേറെയായി കിടപ്പിലായിരുന്നു.
കേരള ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറാമാനായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരവധി ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവയുടെ കാമറാമാനായിരുന്നു. ഷാജി എൻ കരുൺ, കെ ആർ മോഹനൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന അവാർഡ് നേടിയ നൂറനാട് രാമചന്ദ്രന്റെ അച്ഛൻ പട്ടാളം, ജോർജ്കിത്തുവിന്റെ ശ്രീരാഗം, അനഘ, പൊന്നരഞ്ഞാണം, കാണാതായ പെൺകുട്ടി, ഇണപ്രാവുകൾ, പോസ്റ്റ് ബോക്സ് നമ്പർ 27, മിഴിയിതളിൽ കണ്ണീരുമായി, വരും വരാതിരിക്കില്ല ഉണ്ണി, കൊടിതൂക്കിമലയിലെ കൂട്ടുകാർ, കൊച്ചനുജത്തി തുടങ്ങിയ സിനിമകളിലും ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.