ലഖ്‌നൗ: യുപിയിലെ ഹർദോയിൽ ഭാര്യാ സഹോദരന്റെ മകളെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. 22കാരിയെ ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തിൽ മണികാന്ത് ദ്വിവേദി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണികാന്ത് ദ്വിവേദി കൊല്ലപ്പെട്ട മാൻസി പാണ്ഡെയും തമ്മിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ മാൻസി മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് മണികാന്തിനെ പ്രകോപിതനാക്കിയത്.
രക്ഷാബന്ധൻ ദിവസം അമ്മായിയുടെ വീട്ടിലെത്തിയ മാൻസിയെ പ്രതി വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും നടക്കാതെ വന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. പ്രതി പെൺകുട്ടിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം ഉപേക്ഷിച്ചു. ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിൽ ഉപേക്ഷിക്കുകയും ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
തുടർന്ന് പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് മാൻസി ഒളിച്ചോടിപ്പോയെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ സംശയം തോന്നി പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതിയുടെ കള്ളക്കളി പുറം ലോകം അറിയുന്നത്. ചോദ്യം ചെയ്യലിൽ പ്രതി പെൺകുട്ടിയുമായി രണ്ട് വർഷത്തിലേറെയായി വിവാഹേതര ബന്ധം പുലർത്തിയിരുന്നതായി സമ്മതിച്ചു. നവംബർ 27നായിരുന്നു പെൺകുട്ടിയുടെ വിവാഹ നിശ്ചയം. വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത് അനുസരിക്കാതെയിരുന്നതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴി നൽകി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.