ലക്‌നൗ: ഗ്യാന്‍വാപി പള്ളി പരിസരം മുഴുവന്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ വാരാണസി ജില്ലാ കോടതിയുടെ അനുമതി. ജലധാരയിലെ നിര്‍മിതി ശിവലിംഗമാണെന്ന് ഹിന്ദു പക്ഷം അവകാശപ്പെടുന്ന സ്ഥലം ഒഴികെയുള്ള ഇടത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടാണ് സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചത്. ജലധാര നില്‍ക്കുന്ന പ്രദേശം അടച്ച് മുദ്രവച്ചിരിക്കുകയാണ്.
ഹിന്ദു പക്ഷത്തുള്ള നാലു സ്ത്രീകളുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇവിടെ യഥാര്‍ഥത്തില്‍ ക്ഷേത്രമാണോ അതോ പള്ളിയാണോ ആദ്യം നിര്‍മിച്ചത് എന്ന് കണ്ടെത്തുന്നതിന് സര്‍വേ നടത്തണമെന്നതായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സര്‍വേ നടത്തി ഓഗസ്റ്റ് നാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് കോടതി നിര്‍ദേശം നല്‍കിയത്. രാവിലെ 8 മുതല്‍ 12 മണിവരെ സര്‍വേ നടത്താനാണ് കോടതി അനുവാദം നല്‍കിയത്. മസ്ജിദില്‍ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നും ഈ സമയത്ത് പ്രാര്‍ത്ഥനകള്‍ മുടങ്ങാന്‍ പാടില്ലെന്നും കോടതി നിര്‍ദേശത്തില്‍ പറയുന്നു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ജലധാര ഉള്ള സ്ഥലം സീല്‍ ചെയ്തത്.സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഇവിടെ സര്‍വേ നടത്താത്തത്. ഈ ജലധാരയുള്ള സ്ഥലത്ത് ശിവലിംഗമുണ്ട് എന്നാണ് ഹിന്ദു വിഭാഗക്കാര്‍ അവകാശപ്പെടുന്നത്. മസ്ജിദില്‍ ശാസ്ത്രീയ പരിശോധന വേണം എന്ന് ഹിന്ദുവിഭാഗക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിനാണ് ആവശ്യപ്പെട്ടത്. അപേക്ഷ കോടതി അംഗീകരിച്ചതായി വിഷ്ണു ശങ്കര്‍ പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പുരാതന ഹൈന്ദവ ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഈ വര്‍ഷം മേയ് മാസമാണ് നാല് സ്ത്രീകള്‍ കോടതിയെ സമീപിച്ചത്.