Share this Article
ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം എസ് സ്വാമിനാഥൻ(98) അന്തരിച്ചു
വെബ് ടീം
posted on 28-09-2023
1 min read
MS SWAMINATHAN PASSES AWAY

ചെന്നൈ: ഹരിത വിപ്ലവത്തിന്റെ ആചാര്യനും കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥൻ(98) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം .മഗ്സാസെ  അവാർഡ് ജേതാവാണ്.ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് ജന്മദേശം.സ്വാമിനാഥന്റെ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്.പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി.

ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. 1966 ല്‍ മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്.

1943ലെ ബംഗാൾ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ആയി മാറിയ പഴയ മഹാരാജാസ് കോളജിൽനിന്നു ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories