Share this Article
സംസ്ഥാനത്ത് 4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ്; പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണർ
വെബ് ടീം
posted on 08-10-2024
1 min read
helmet compulsory

തിരുവനന്തപുരം: കുട്ടിയല്ലേ, ഹെൽമറ്റ് വേണ്ടല്ലോ എന്ന ചിന്ത ഇനി വേണ്ട. സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. 1-4 വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും  4-14 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റാണ് നിര്‍ബന്ധമാക്കുക. 

4-14 വയസ്സുവരെയുള്ള കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് സീറ്റ് തയ്യാറാക്കണമെന്നാണ് ഗതാഗത കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്.

നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം (ചൈല്‍ഡ് റിസ്‌ട്രെയിന്റ് സിസ്റ്റം) സജ്ജമാക്കണം. നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെ.മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചു വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചതിനെ തുടർന്നാണ് നടപടി.

ഇരുചക്ര വാഹനയാത്രയിൽ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു. ഇത് സംബന്ധിച്ച് ഒക്ടോബർ നവംബർ മാസങ്ങളിൽ പ്രചാരണവും മുന്നറിയിപ്പും നല്‍കും.

ഡിസംബർ മാസം മുതൽ പിഴ ഈടാക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories