ജയ്പുര്‍:വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതി പിടിയില്‍. രാജസ്ഥാനിലെ ബാരന്‍ സ്വദേശിയായ കുല്‍ദീപ് സിങ് സിസോദിയ(40)യെയാണ് ബിക്കാനേര്‍ പൊലീസിന്റെ പിടിയിലായത്. ബിക്കാനേറിലെ നോഖാ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ ജയ്പുര്‍ പോലീസിന് കൈമാറുമെന്നും ബിക്കാനേര്‍ എസ്.പി. തേജസ്വിനി ഗൗതം അറിയിച്ചു.
നടന്നു പോയ യുവതിയെ സ്പര്‍ശിക്കുകയും ഒപ്പംനടന്ന് ശല്യപ്പെടുത്തുകയുമായിരുന്നു.കഴിഞ്ഞദിവസം ജയ്പുരില്‍ വച്ചാണ് വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അതിനിടെ, സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയായ കുല്‍ദീപ് സിങ് മീശയെല്ലാം ഒഴിവാക്കി വേഷംമാറിയാണ് നടന്നിരുന്നത്. എന്നാല്‍ സ്ഥിരമായി ധരിച്ചിരുന്ന തൊപ്പി ഇയാള്‍ ഒഴിവാക്കിയിരുന്നില്ല. തുടര്‍ന്നാണ് ബിക്കാനേറിലെത്തിയ പ്രതിയെ പോലീസ് പിടികൂടിയത്.