തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയത് നാല്‍പ്പത്തിരണ്ടായിരത്തിലേറെ ഇസ്രയേലി വനിതകളെന്ന് ഇസ്രയേല്‍ ആഭ്യന്തര മന്ത്രാലയം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വര്‍ധനയെന്നും റിപ്പോര്‍ട്ടുകള്‍.
അപേക്ഷ നല്‍കിയവരില്‍ 18,000 പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തോക്ക് ഉപയോഗത്തിനുള്ള നിബന്ധനകളില്‍ വരുത്തിയ ഇളവിന് പുറമെ ഹമാസ് നടത്തിയ മിന്നലാക്രമണവും സ്ത്രീകളെ തോക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2022 ല്‍ ബെന്‍ ഗിവിര്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ആയുധ നിയമങ്ങളടക്കം മാറിയത്. സ്വരക്ഷയ്ക്കായി സാധാരണ പൗരന്‍മാര്‍ക്ക് ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനെ അനുകൂലിച്ച് കൊണ്ടുള്ളതായിരുന്നു പരിഷ്‌കരണം. ഇതിന് പിന്നാലെ തോക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതമായി. നൂറോളം പേര്‍ക്കാണ് ദിനംപ്രതി ലൈസന്‍സ് അനുവദിച്ചത്.
ഇസ്രയേല്‍ പൗരനായിരിക്കണം, അല്ലെങ്കില്‍ പതിനെട്ട് വയസ് പൂര്‍ത്തിയായ സ്ഥിര താമസക്കാരായിരിക്കണം, ഹീബ്രു ഭാഷയില്‍ അടിസ്ഥാന പ്രാവീണ്യവും തോക്ക് ഉപയോഗിക്കുന്നതിനുള്ള മെഡിക്കല്‍ ക്ലിയറന്‍സുമാണ് ലൈസന്‍സിനുള്ള നിബന്ധനകള്‍. ജൂതന്‍മാരല്ലാത്തവര്‍ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാനാവില്ല.
പുതുതായി അനുവദിച്ച ലൈസന്‍സുകള്‍ ഒരുലക്ഷം കവിഞ്ഞ വിവരം വെസ്റ്റ് ബാങ്കില്‍ നടന്ന റാലിയില്‍ സ്വന്തം തോക്കുയര്‍ത്തിയാണ് ബെന്‍ ഗിവിര്‍ പ്രഖ്യാപിച്ചത്. സാധാരണ ജനങ്ങളിലേക്ക് ആയുധമെത്തിക്കുന്ന ബെന്‍ ഗിവിറിന്റെ നയത്തിനെതിരെ ഇസ്രയേലില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.