തിരുവനന്തപുരം: കേരളീയം മഹാവിജയമായെന്ന് മന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മഹോത്സവം എന്ന നിലയ്ക്കാണ് ജനങ്ങൾ കേരളീയത്തെ നെഞ്ചേറ്റിയത്. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അടുത്ത കേരളീയത്തിന്റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം നഗരം ജനസമുദ്രമായി. ഈ പരിപാടി ചുരുങ്ങിയ സമയത്തിൽ സംഘടിപ്പിക്കപ്പെട്ടതാണ്. ഇത്ര വിപുലമായ ആഘോഷം ഈ രീതിയിൽ സംഘടിപ്പിക്കുമ്പോൾ സ്വാഭാവികമായി ആശങ്കകളുണ്ടാകേണ്ടതാണ്. എന്നാൽ അതെല്ലാം ഒഴിവാക്കി കേരളത്തിന്റെ മഹോത്സവമായി മാറി. കേരളീയത്തിന്റെ സംഘാടനത്തിൽ പങ്കാളികളായ എല്ലാവരേയും അഭിനന്ദിക്കുന്നു.- മുഖ്യമന്ത്രി പറഞ്ഞു.
സ്വാഭാവികമായി ഉണ്ടായ പിഴവുകൾ തിരുത്തി അടുത്ത വർഷം കേരളീയം നടത്തും. അതിനായി ഇപ്പോഴെ തയാറെടുപ്പുകൾ ആരംഭിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചീഫ് സെക്രട്ടറി ചെയർമാനാകുന്ന സംഘാടക സമിതിയിൽ കെഎസ്ഐഡിസി എംഡി കൺവീനറാകും. വിവിധ വകുപ്പുകളുടെ അഡി.ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും സെക്രട്ടറിമാരും സമിതിയിലെ അംഗങ്ങളാണ്. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണി ശങ്കർ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ മുഖ്യമന്ത്രി രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം ബഹിഷ്കരണം നടത്താതെ പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യനിർമാർജനത്തിൽ പുരോഗതിയുണ്ടായി. 30,658 കൂടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 47.89% പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളം രൂപീകൃതമായി 67 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ ആറു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകത്തിനുമുന്നിൽ നിരവധി കാര്യങ്ങളില്‍ അനുകരണീയമായ മാതൃക എന്ന നിലയിക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ നമുക്ക് സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ജീവിതനിലവാര സൂചികകള്‍, ആരോഗ്യ-വിദ്യാഭ്യാസ സൂചികകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നിലവാരമളക്കുന്ന മിക്ക മാനദണ്ഡങ്ങളിലും സംസ്ഥാനം മുന്‍പന്തിയിലാണ്. ദേശീയതലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ നമ്മെ തേടിയെത്തി, മുഖ്യമന്ത്രി പറഞ്ഞു.