പത്തനംതിട്ട: കാണാതായ പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ഒന്നരവര്‍ഷം മുമ്പാണ് നൗഷാദിനെ കാണാതായത്. സംഭവത്തില്‍ നൗഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2021 നവംബര്‍ അഞ്ചു മുതലാണ് നൗഷാദിനെ കാണാതായത്. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയിക്കുന്ന പറക്കോട് പരുത്തിപ്പാറയില്‍ സ്ഥലം കുഴിച്ച് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. സംശയമുള്ള മറ്റു പലയിടങ്ങളിലും പൊലീസ് സമാന്തരമായി പരിശോധന നടത്തുന്നുണ്ട്.
നൗഷാദിന്റെ പിതാവാണ് മകനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ നൗഷാദിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മറുപടികളിലെ വൈരുധ്യമാണ്, യുവാവിന്റെ തിരോധാനം കൊലപാതകമാണെന്ന് പൊലീസിന് സംശയം ഉടലെടുക്കാന്‍ കാരണമായത്. നൗഷാദിന്റെ ഭാര്യ നിരന്തരം മൊഴി മാറ്റിപ്പറയുകയാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പരുത്തിപ്പാറയിലെ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ വെച്ച് ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ലെന്നും, അതില്‍ നിന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നൂറനാട് സ്വദേശിനിയാണ് നൗഷാദിന്റെ ഭാര്യ.