സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സിഎജി റിപ്പോർട്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണ്. അതേസമയം, സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനം വർധിക്കുകയും റവന്യു ചെലവ് കുറയുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും കടുത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ആണ് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 18,026.49 കോടിയാണെന്നും നിയമസഭയിൽ വെച്ച 2022-23ലെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളിൽ 44 സ്ഥാപനങ്ങളുടെ തനി മൂല്യം പൂർണമായും ഇല്ലാതായി മാറിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 11,227 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നും കണക്കുകൾ പറയുന്നു. അതോടൊപ്പം 19 സ്ഥാപനങ്ങൾ 13 വർഷമായി നഷ്ടത്തിൽ തുടരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൂടാതെ, ഈ വർഷം 8,058.91 കോടിരൂപ ബജറ്റിന് പുറത്ത് കടമെടുത്തു എന്നും റിപ്പോർട്ടിലുണ്ട്. അതിന്റെ തിരിച്ചടവിന് ബജറ്റ് വിഹിതം വേണ്ടിവന്നു എന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനം വർധിക്കുകയും റവന്യു ചെലവ് കുറയുകയും ചെയ്തു എന്നും റിപ്പോർട്ടിലുണ്ട്. ഇതിന് പുറമെ മൂലധന ചെലവും കുറഞ്ഞതായി പറയുന്നു.
സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഭൂരിഭാഗവും പെട്രോളിയം, മദ്യം, ലോട്ടറി എന്നിവയിൽ നിന്ന് ആണെന്നും തനി റവന്യു വരുമാനത്തിൽ ലോട്ടറിക്ക് വലിയ സ്ഥാനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2022-23ലെ സാമ്പത്തിക വർഷത്തിൽ നികുതിയേതര വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ലോട്ടറിയിൽ നിന്നുള്ള വരുമാനമാണെന്ന് ആണ് റിപ്പോർട്ടിൽ പറയുന്നത്.
ലോട്ടറി വിൽപ്പനയിലൂടെ 11,892.87 കോടിയാണ് ലഭിച്ചത്. കൂടാതെ, വിവിധ മാർഗങ്ങളിലൂടെ 87,086.11 കോടി സർക്കാരിന് വരുമാനമായി ലഭിച്ചിട്ടുണ്ട്.