ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഗാസയിലെ സ്‌കൂളിനുനേരെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്.
പലായനം ചെയ്യപ്പെട്ട പാലസ്തീനികള്‍ താമസിക്കുകയായിരുന്ന ദക്ഷിണ ഗാസയിലെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്.സ്‌കൂള്‍ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ മുകളിലേക്കാണ് രണ്ട് റോക്കറ്റുകള്‍ വന്ന് പതിച്ചത്.
13 കുട്ടികളും ആറ് സ്ത്രീകളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടതും പരിക്കേറ്റതും കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രാലയം സാക്ഷ്യപ്പെടുത്തി.
അതേസമയം നേരത്തേ സ്‌കൂളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം.
ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.സിവിലിയന്‍ സൗകര്യങ്ങളാണ് ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും ഇസ്രയേല്‍ ആരോപണമുണ്ട്.
ദക്ഷിണ ഗാസയിലെ റഫയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.മന്ത്രാലയത്തിന്റെ വെയര്‍ ഹൗസിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്.