Share this Article
വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി
വെബ് ടീം
posted on 15-11-2023
1 min read
YEMEN SC REJECTS NIMISHAPRIYAS APPEAL

ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി  യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. 

ഇതു തങ്ങള്‍ക്ക് കിട്ടിയ വിവരമാണെന്നും  കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ  കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹർജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. 

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories