Share this Article
image
ശബരിമല ദർശനം; വെർച്വൽ ക്യൂ ബുക്കിങ് പ്രതിദിനം 70,000 പേർക്ക് പ്രവേശനം
വെബ് ടീം
2 hours 26 Minutes Ago
1 min read
VIRTUAL QUEUE BOOKING

തിരുവനന്തപുരം∙ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോൾ ‌പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രം. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്പോട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്തതയില്ല. 80,000 പേർ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവർക്ക് സ്പോട് ബുക്കിങ് കൂടി അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്. കഴിഞ്ഞ വർഷവും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ബുക്കിങ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചില്ല.


ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്. സ്പോട് ബുക്കിങ് അവസാനിപ്പിച്ചതിനെതിരെ മുന്നണിയിൽ തന്നെ പ്രതിഷേധം ഉയർന്നു. തുടർന്ന് എല്ലാവർക്കും ദർശനം ഉറപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കി. മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും നൽകിയത്. നിയമസഭയിൽ വി.ജോയിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്പോട്ട് ബുക്കിങ് എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചില്ലെങ്കിലും ഓൺലൈൻ റജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories