ഉത്തര്‍പ്രദേശിലെ ഹാഥ്രാസ് ദുരന്തത്തിന്റെ കേന്ദ്രബിന്ദുവാണ് ഭോലെ ബാബയെന്ന വിവാദ ആള്‍ദൈവം. തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര്‍ മരിച്ച ദുരന്തമുണ്ടായതിന് ശേഷം ഒളിവിലാണ് ഭോലെ ബാബ.
സൂരജ് പാല്‍ സിങ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍, നാരായണ്‍ സാകര്‍ ഹരിയെന്ന ഭോലെ ബാബ. ലക്ഷകണക്കിന് അനുയായികളുള്ള ആള്‍ദൈവം. അതുമല്ലെങ്കില്‍ ആത്മീയ നേതാവ്. രാജ്യതലസ്ഥാനത്തുനിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഹാഥ്രസ് എന്ന ഇടത്തെ ദുരന്തഭൂമിയാക്കി മാറ്റിയ ജൂലൈ രണ്ട് മുതല്‍ രാജ്യം തിരഞ്ഞ പേരാണ് ഭോലെ ബാബയെന്ന സൂരജ് പാല്‍ സിങ്.
ഹാഥ്രസിന് അടുത്ത് കാസ്ഗഞ്ച് സ്വദേശിയാണ് ബോലെ ബാബ. 1990കളില്‍ ആഗ്രയിലെ ഒരു ദശാബ്ദക്കാലത്തെ പൊലീസ് ജോലി രാജിവച്ച് മുഴുവന്‍ സമയ ആത്മീയതയിലേക്കിറങ്ങി ഭോലെ ബാബയായി. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ലക്ഷകണക്കിന് അനുയായികളുള്ള ഭോലെ ബാബ തന്റെ അറുപതുകളിലാണ് വെള്ള സ്യൂട്ടും സണ്‍ഗ്ലാസുകളുമായി സത് സംഗുകളെന്ന മതപ്രഭാഷണങ്ങളിലെത്താറുള്ളത്.
അനുയായികള്‍ കൂടുതലും സ്ത്രീകള്‍, പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളിലെത്തി ബാബയുടെ അനുഗ്രഹം വാങ്ങാന്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ചകളില്‍ എത്തും. ബാബയ്‌ക്കൊപ്പം ഭാര്യയും സത് സംഗിലെത്തും മാതാശ്രീ എന്നാണ് അവര്‍ അറിയപ്പെടുന്നത്. തന്റെ ഭക്തരെയും അനുയായികളെയും നിയന്ത്രിക്കാന്‍ നാരായണ സേനയെന്ന പേഴ്‌സണല്‍ സ്‌ക്വാഡും ഭോലെ ബാബയ്ക്കുണ്ട്.
സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഈ സ്വകാര്യ സേനയാണ് മതപ്രഭാഷണത്തിലെ തിരക്ക് നിയന്ത്രിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ലോകമൊന്നാകെ വീട്ടിലിരുന്നപ്പോള്‍ പോലും ഭോലെ ബാബയും നാരായണി സേനയും സത് സംഗങ്ങള്‍ നടത്തിയിരുന്നു. മൂര്‍ത്തികളോ പ്രതിഷ്ഠയോ ഇല്ലാതെയാണ് ഭോലെ ബാബയുടെ ആശ്രമം.
ദളിത് സമുദായത്തില്‍ നിന്നുള്ള ഇയാള്‍ അന്ധവിശ്വാസമില്ലാത്തതും അനുകമ്പ നിറഞ്ഞതുമായ സമൂഹത്തിനായാണ് ശ്രമിക്കുന്നതെന്നാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ആള്‍ദൈവം ഭോലെ ബാബ മരിച്ചവരുടെ കുടുംബത്തിന് അനുശോചനമറിയിച്ച് കത്തയച്ചിരുന്നു.
ദുരന്തം ഉണ്ടാക്കിയത് സാമൂഹ്യവിരുദ്ധ ശക്തികളാണെന്നും പ്രസ്താവന നടത്തിയിരുന്നു. ഹോളി നിറങ്ങളുടെ പേരില്‍ പ്രശസ്തമാണ് ഹാഥ്രസ് എന്ന ഇടം. ഇന്ന് നിറങ്ങളില്ലാതെ ദുരന്ത ഭൂമിയായി. ഒരു നൂറ്റാണ്ടായി കായത്തിന്റെ നറുമണം പേറുന്ന ഹാഥ്രസിലെ കാറ്റിന് ഇന്ന് ദാരുണമായ മരണത്തിന്റെ മണമാണ്. ഏറ്റെടുക്കാന്‍ ആളില്ലാതായ പരസ്പര പഴിചാരലിന്റെ നിരുത്തരവാദിത്തത്തിന്റെ മറ്റൊരു പേരായ് ഈ ദുരന്തവും.