Share this Article
ഇന്ന് അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വെബ് ടീം
posted on 14-05-2024
1 min read
heavy rain alert kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ ശക്തി കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. മലയോര മേഖലയിലും ഇടനാടുകളിലും മഴ ശക്തമാകും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മറ്റ് മുന്നറിയിപ്പുകളൊന്നുമില്ല.നാളെ മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മെയ് 16ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മെയ് 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിയോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത. കോമറിന് തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories