Share this Article
സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം; ഉപയോഗിച്ചത് എഫ് 16 വിമാനങ്ങള്‍
വെബ് ടീം
posted on 26-10-2023
1 min read

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുള്ള കിഴക്കന്‍ സിറിയയിലെ രണ്ട് സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം.

ഇറാഖിലും സിറിയയിലും യുഎസ് കേന്ദ്രങ്ങള്‍ ആക്രമിച്ചത് ഇറാന്റെ അറിവോടെയാണെന്നാണ് യുഎസ് വിശദീകരണം. 

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആയൂധപ്പുരകള്‍ ലക്ഷ്യമിട്ട് എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യോമാക്രമണം നടത്തിയത്. ഇത് ഇസ്രയേലുമായി ചേര്‍ന്നുള്ള അക്രമണമല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. 

അമേരിക്ക സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുഎസ് സേനയ്ക്ക് എതിരെ ഇറാന്റെ പിന്തുണയോടെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. ഇത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. സൈനികര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പങ്കില്ലെന്നാണ് അവര്‍ പറയുന്നത്. വീണ്ടും ആക്രമണം തുടരനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ നിന്ന് വേറിട്ടതും വ്യത്യസ്തവുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 17 മുതല്‍ ഇറാഖിലെ യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ കുറഞ്ഞത് 12 ആക്രമണങ്ങളും സിറിയയിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നാല് ആക്രമണങ്ങളെങ്കിലും ഉണ്ടായെന്ന് പെന്റഗണ്‍ അഭിപ്രായപ്പെട്ടു. ഇറാഖിലെ അല്‍-അസാദ് എയര്‍ബേസിലും സിറിയയിലെ അല്‍-തന്‍ഫ് ഗാരിസണിലും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ 21 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories