Share this Article
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്രവിജയം; ഉമ്മൻ ചാണ്ടിയുടെ പിൻഗാമി മകൻ തന്നെ
വെബ് ടീം
posted on 08-09-2023
1 min read
CHANDY OOMEN WINS PUTHUPPALLY BYELECTION

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചരിത്ര ജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ.  ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെയെന്ന് പുതുപ്പള്ളിയുടെ തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ചരിത്രം തിരുത്തി കുറിച്ചു. 50 വര്‍ഷം മണ്ഡലം കൂടെ കൊണ്ടുനടന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തിരുത്തി എന്ന പ്രത്യേകതയുമുണ്ട്. 2011 തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ ചാണ്ടിയ നേടിയ 33,255 വോട്ടുകളുടെ ഭൂരിപക്ഷമാണ് മകന്‍ തിരുത്തി കുറിച്ചത്.37,719 ആണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 

രാവിലെ വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങൾ  മുതല്‍ തന്നെ ചാണ്ടി ഉമ്മന്റെ കുതിപ്പാണ് കണ്ടത്. ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. പഞ്ചായത്തിലെ ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ 2816ന്റെ ലീഡാണ് ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയത്.  ആദ്യ രണ്ടു റൗണ്ടുകളിലായി അയര്‍ക്കുന്നം പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണിയപ്പോള്‍ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ കാഴ്ചവെച്ചത്. 2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് ഇത്തവണ നാലിരട്ടി വോട്ടുകള്‍ ചാണ്ടി ഉമ്മന് ലഭിച്ചത്.


കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാലിടറി. ഇവിടെയും ചാണ്ടി ഉമ്മന്‍ ജൈത്രയാത്ര നടത്തുന്നതാണ് കണ്ടത്. ഇതിന് പുറമേ അകലക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മീനടം പ്രദേശങ്ങളിലെ ഭൂരിപക്ഷം വോട്ടുകളും ചാണ്ടി ഉമ്മന്റെ പെട്ടിയില്‍ വീണു. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories