യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. തുടര്‍ച്ചയായ മോട്ടോര്‍വാഹന നിയമലംഘനത്തിലാണ് നടപടി.
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍.രമണനാണ് ഇക്കാര്യം അറിയിച്ചത്. കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജു ടെക്കിയുടെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ സഞ്ജു ടെക്കിയുടെ വിശദീകരണം.
അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു. സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്.
ഹൈക്കോടതി ഉള്‍പ്പെടെ ഈ കേസില്‍ ഇടപെടുകയും ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.