സമത്വത്തിന്റെ നല്ലപാഠവുമായി മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകം ശ്രദ്ധേയമാകുന്നു. അടുക്കള അമ്മമാര്‍ക്ക് മാത്രമുള്ളതല്ലെന്ന വലിയ സന്ദേശമാണ് പാഠപുസ്തകം കുട്ടികള്‍ക്ക് നല്‍കുന്നത്.
സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി മുറവിളികൂട്ടുന്ന ഈ കാലത്ത് സമത്വത്തിന്റെ തുടക്കം വിട്ടില്‍നിന്നാവാം എന്ന നല്ല പാഠമാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകം മുന്നോട്ട് വെക്കുന്നത്. അടുക്കള ജോലികള്‍ അച്ചനും അമ്മയും മകനും മകളും അടക്കം കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് ചെയ്യേണ്ടതാണെന്ന് ഓര്‍മിപ്പിക്കുന്ന പാഠഭാഗവും ചിത്രവുമാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ.. എന്ന തലക്കെട്ടോടെ അടുക്കളപ്പണിയില്‍ മുഴുകിയിരിക്കുന്ന അമ്മയുടെയും അച്ഛന്റെയും കുട്ടികളുടെയും ചിത്രമാണ് പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുക്കളപണിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കൊപ്പം ചിത്രത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കാനും വിദ്യാര്‍ത്ഥികളോട് പാഠഭാഗത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അടുക്കള ജോലികള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതാണെന്ന പരമ്പരാഗത ബോധത്തെ ഉടച്ചുവാര്‍ക്കുന്നതാണ് പുസ്തകത്തിലെ അടുക്കളയുമായി ബന്ധപ്പെട്ടുള്ള ഈ പാഠഭാഗം.
വളര്‍ന്നുവരുന്ന പുതുതലമുറയെ ലിംഗവ്യത്യാസമില്ലാതെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പാഠഭാഗം. ലിംഗസമത്വം എന്ന ആശയം മുന്‍നിര്‍ത്തി നേരത്തേ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം രീതി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പാഠപുസ്തകത്തിലും ലിംഗസമത്വം പ്രത്സാഹിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.