Share this Article
സംസ്ഥാനത്ത് ഇന്ന് 8 വാഹനാപകടം; മൂന്നു മരണം; 19 പേര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
വെബ് ടീം
posted on 29-06-2024
1 min read

സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിയായി ഇന്ന് എട്ട്  വാഹനാപകടമാണ് ഉണ്ടായത്. വിവിധ ജില്ലകളിലായി ഉണ്ടായ അപകടങ്ങളിൽ മൂന്നു പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. 

വാഹനാപകടങ്ങളും  മറ്റു അപകടങ്ങളുമായി കണ്ണൂർ ജില്ലയ്ക്ക് ഇന്ന് സങ്കടകരമായ ദിവസമായിരുന്നു. കണ്ണൂർ മാനന്തേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചാണ് ആറളം അയ്യപ്പൻകാവ് സ്വദേശി ജമീല മരിച്ചത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. ഭർത്താവിനും മക്കൾക്കും മറ്റൊരു ബന്ധുവിനും പരുക്കേറ്റു. കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ധർമ്മടം ഒഴയിൽ ഭാഗം ഷഹർബാൻ ഹൗസിൽ കെ കെ ആദിൽ ( 14 ) ആണ് മരിച്ചത്. ഇത് കൂടാതെ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റിലായതും കണ്ണൂരിലാണ്.ചെറുപുഴ ഭൂദാനം സ്വദേശി സതീശനാണ് അറസ്റ്റിലായത്

കോതമംഗലം കുത്തുകുഴിയിൽ ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് ഇടുക്കി മുരിക്കാശ്ശേരി സ്വദേശി നിഖില്‍ മരിച്ചു. 23 വയസായിരുന്നു. 

മൂന്നാർ പെരിയവാരയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് ഡ്രൈവർ മുനിയാണ്ടി മരിച്ചത്. വാഹനമോടിക്കുന്നതിനിടെ മുനിയാണ്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി ജീപ്പ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരുക്കേറ്റ ആറുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

പത്തനംതിട്ട കോന്നി പൂങ്കാവിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിനു ഗുരുതരമായി പരുക്കേറ്റു. കോന്നി മെഡിക്കൽ കോളജിലെ നഴ്സ് സജിതയാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. സജിത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പട്ടാമ്പി ആമയൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്വകാര്യ ബസിനെ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. റൂട്ടില്‍ അര മണിക്കൂറിലേറെ ഗതാഗതക്കുരുക്കുണ്ടായി. 

പാലക്കാട് ചെർപ്പുളശേരിയിൽ വ്ളോഗർമാരായ ഇബുള്‍ ജെറ്റ് സഹോദരൻമാരും കുടുംബവും സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്കേറ്റു. എബിനും  ലിബിനും ഒരു കുട്ടിയുമടക്കമുള്ളവരെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി തീർഥയാത്ര കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. 

എറണാകുളം പട്ടിമറ്റത്ത് ചരക്കുലോറി പെരിയാർവാലി കനാലിലേക്ക് തലകീഴായി മറഞ്ഞു. ഡ്രൈവര്‍ക്കും  ക്ലീനര്‍ക്കും നിസാര പരുക്കേറ്റു.

കോഴിക്കോട് മുക്കം കാരശേരി മാടമ്പുറം വളവില്‍ ടാങ്കര്‍ ലോറി തെന്നിമാറി. എതിരെവന്ന KSRTC ബസ് തലനാരിഴയ്ക്കാണ് ടാങ്കര്‍ ലോറിയില്‍ ഇടിക്കാതെ പോയത്.  ലോറി മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories