Share this Article
image
പ്രായപൂർത്തിയാകും മുൻപ് ലൈംഗിക ചൂഷണം; ജീവനൊടുക്കാനുള്ള കാരണം തേടി അന്വേഷണം, പോക്സോ കേസ്
വെബ് ടീം
posted on 19-06-2024
1 min read
-student-social-media-influencer-death-case-investigation-update

തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സര്‍ക്ക് നേരെ വ്യാപകമായി  സൈബര്‍ ആക്രമണമുണ്ടായെന്ന് കണ്ടെത്തല്‍. തുടർച്ചയായുള്ള സൈബര്‍ ആക്രമണവും ആണ്‍സുഹൃത്ത് സൗഹൃദം അവസാനിപ്പിച്ചതിലെ നിരാശയും ആത്മഹത്യയ്ക്ക് കാരണമായെന്ന നിഗമനത്തില്‍ പൊലീസ്. അറസ്റ്റിലായ സുഹൃത്ത് ബിനോയിക്ക് ആത്മഹത്യാ പ്രേരണയിലും പങ്കുണ്ടോയെന്നും അന്വേഷണം തുടങ്ങി.  പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിനു മുൻപേ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് തെളിവുകൾ കിട്ടിയതോടെ ആണ് സുഹൃത്ത് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

പതിനെട്ടുകാരിയായ ഇന്‍സ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യയുടെ കാരണം തേടിയുള്ള അന്വേഷണത്തിനിടെ  വഴിത്തിരിവായാണ് പോക്സോ കേസെത്തിയത്. പെണ്‍കുട്ടിക്കൊപ്പം വീഡിയോ ചെയ്യുകയും അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിയായ ബിനോയിയാണ് പിടിയിലായത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

നിലവിൽ മൂന്ന് കാരണങ്ങളാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്ന ബിനോയി നാല് മാസം മുന്‍പ് ആ ബന്ധം അവസാനിപ്പിച്ചു. അതേ തുടര്‍ന്നുള്ള നിരാശയാണ് ഒരു കാരണം. ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായത് മറ്റൊരു കാരണമായി. പ്ളസ് ടു പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതാണ് മൂന്നാമത്തെ കാരണം. 

സൈബര്‍ ആക്രമണം കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് വ്യാപക ആക്രമണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ ബിനോയിയാണോയെന്ന് അറിയാനുള്ള പരിശോധനയിലാണ്. അങ്ങിനെയെങ്കില്‍ ആത്മഹത്യാപ്രേരണാകേസിലും ബിനോയിയെ പ്രതി ചേര്‍ക്കും. ഫേക്ക് അക്കൗണ്ടുകളിലൂടെ അധിക്ഷേപിച്ചവരെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.

ജൂൺ 17നാണ് തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ജീവനൊടുക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന 17 കാരി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17ന് രാത്രിയായിരുന്നു മരണം. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന  മറ്റൊരു ഇൻഫ്ലുവൻസറുമായുള്ള സൗഹൃദം അടുത്തിടെ കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പോസ്റ്റുകൾക്കും റീലുകൾക്കും താഴെ അധിക്ഷേപ കമന്‍റുകൾ നിറഞ്ഞിരുന്നു. മകളുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 21കാരൻ അറസ്റ്റിലാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories