തിരുവനന്തപുരം/കിളിമാനൂര്‍: ലക്ഷങ്ങള്‍ വിലയുള്ള 50 സെന്റ് ഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി അച്ഛനും മകളും സമൂഹത്തിന് മാതൃകയാകുന്നു. കിളിമാനൂര്‍ മഹാദേവേശ്വരം ആര്‍.ബി. കോട്ടേജില്‍ റിട്ട. ജയില്‍ ഐജി പരേതനായ ഭാസ്‌ക്കരപിള്ളയുടെ മകന്‍ സതീശ് കുമാറും സതീശ് കുമാറിന്റെ മകള്‍ ഡോ. കാര്‍ത്തിക സതീശുമാണ് മാതൃകയാകുന്നത്.ഡോ. കാര്‍ത്തിക അമേരിക്കയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രാക്ടീസ് ചെയ്യുകയാണ്.
ഇവരുടെ ഉടമസ്ഥതയിലുള്ള നെല്ലനാട് വില്ലേജിലെ കാന്തലക്കോണം വള്ളിക്കാടുള്ള 50 സെന്റ് റബര്‍ തോട്ടമാണ് വെഞ്ഞാറമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹ സ്പര്‍ശം കെയര്‍ ആന്‍ഡ് ക്യുവര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് തികച്ചും സൗജന്യമായി വിട്ടുകൊടുത്തത്.
സ്‌നേഹ സ്പര്‍ശം കെയര്‍ ആന്‍ഡ് ക്യുവര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള വയോജന മന്ദിരത്തില്‍ നിലവില്‍ 22 അന്തേവാസികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും സ്ത്രീകളാണ്. വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബന്ധുക്കള്‍ ഇല്ലാത്തവരും അന്യസംസ്ഥാനത്തുള്ളവരും ആണ് ഭൂരിഭാഗം പേരും. 2018 മുതല്‍ വയോജന മന്ദിരം പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യമായി ലഭിച്ച ഭൂമിയില്‍ എല്ലാ സൗകര്യവുമുള്ള വയോജന മന്ദിരവും ഓഫീസും പണിയുകയാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
സതീശ്കുമാറിന്റെ ഭാര്യയും ഡോ. കാര്‍ത്തിക സതീശിന്റെ അമ്മയുമായ ബിന്ദു സതീശിന്റെ സ്മരണാര്‍ത്ഥമാണ് ഭൂമി വിട്ടു നല്‍കിയത്. കൊടുവഴന്നൂര്‍ ഗവ. എച്ച്എസ്എസില്‍ സുവോളജി അധ്യാപികയായിരിക്കെ ഇവര്‍ ക്യാന്‍സര്‍ബാധിതയായി മരിക്കുകയായിരുന്നു. 20 ലക്ഷത്തോളം മൂല്യമുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. വെഞ്ഞാറമൂട് എസ്‌ഐ ഷാന്‍, വസ്തു സ്ഥിതി ചെയ്യുന്ന നെല്ലനാട് ഗ്രാമപഞ്ചായത്ത് കാന്തലക്കോണം വാര്‍ഡ് മെമ്പര്‍ ഹരി, വെഞ്ഞാറമൂട് ലീല രവി ആശുപത്രി ഡയറക്ടറും ട്രസ്റ്റ് മെമ്പറുമായ ഡോ. ലീല രവി, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, സ്‌നേഹസ്പര്‍ശം കെയര്‍ ആന്‍ഡ് ക്യൂവര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ സുജിത്ര എന്നിവര്‍ ചേര്‍ന്ന് ആധാരം ഏറ്റുവാങ്ങി.
സതീശ് കുമാർ കേബിൾ ടിവി ഓപ്പറേറ്റർസ് അസോസിയേഷൻ(COA) സംസ്ഥാന കമ്മിറ്റി അംഗവും മുൻ കെസിസിഎൽ ഡയക്ടറുമാണ്.