Share this Article
അന്തിമചിത്രം തെളിഞ്ഞു; സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ
വെബ് ടീം
posted on 30-10-2024
1 min read
p sarin

തൃശൂര്‍: സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെ അന്തിമ ചിത്രം തെളിഞ്ഞു. പാലക്കാട് മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന് സ്റ്റെതസ്‌കോപ്പും ചേലക്കരയില്‍ പിവി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറിന് ഓട്ടോയും തെരഞ്ഞെടുപ്പ് ചിഹ്നം. ചേലക്കരയില്‍ ആറ് പേരും പാലക്കാട് പത്തുപേരും വയനാട്ടില്‍ പതിനാറുപേരുമാണ് മത്സരരംഗത്തുള്ളത്.

പി സരിന്‍ ഓട്ടോ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും മറ്റ് രണ്ട് സ്വതന്ത്രര്‍ കൂടി ഓട്ടോ ചിഹ്നമായ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പില്‍ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥിയായ സെല്‍വന് ലഭിച്ചു.മറ്റൊരു സ്വതന്ത്രനായ ഷമീനും ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടിരുന്നു. സരിന്‍ രണ്ടാമത് സ്റ്റെതസ്‌കോപ്പും മൂന്നാമത് ടോര്‍ച്ച് ചിഹ്നവുമായിരുന്നു ആവശ്യപ്പെട്ടത്.

ഡോക്ടറായ സരിനെ സ്‌റ്റെതസ്‌കോപ്പ് ചിഹ്നം പിന്തുണയ്ക്കുമെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം കോണ്‍ഗ്രസ് വിട്ട് ആദ്യമായി സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍ സരിന്‍ എത്തിയത് ഓട്ടോയില്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവും ഓട്ടോയില്‍ ആയിരുന്നു. അതുകൊണ്ടാണ് സരിന്‍ ഓട്ടോ ചിഹ്നത്തിന് മുന്‍ഗണന നല്‍കിയത്.

ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഡിഎംകെ ഉള്‍പ്പടെ രണ്ട് സ്വതന്ത്രരുമാണ് ഉള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴുപേരില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പതിനാറ് സ്ഥാനാര്‍ഥികളാണ് മത്സരംഗത്തുള്ളത്. പാലക്കാട് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച രണ്ട് പേര്‍ പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം പത്തായി.

.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പത്ത് സ്ഥാനാർത്ഥികളും ചേലക്കര മണ്ഡലത്തിൽ ആറ് സ്ഥാനാർത്ഥികളും ജനവിധി തേടും. വയനാട് ലോക്സഭ മണ്ഡലത്തിൽ പതിനാറ് സ്ഥാനാർത്ഥികളാണ് ഉള്ളത്. നവംബർ പതിമൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories