അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുധാകരനെതിരെ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. കെ.സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. കെ.സുധാകരന്റെ ഭാര്യ ജോലിചെയ്യുന്ന കണ്ണൂര്‍ കാടാച്ചിറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപകനില്‍ നിന്ന് വിവരങ്ങള്‍ തേടി.കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് അന്വേഷിക്കുന്നത്. കെ സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് ഇത് സംബന്ധിച്ച പരാതി വിജിലൻസിന് നൽകിയത്.
അതേ സമയം തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടത്തുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്. അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കാന്‍ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ വെളിപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ഏത് വിധത്തിലുള്ള അന്വേഷണവുമായും പൂര്‍ണ്ണമായി സഹകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.